ചെന്നൈ: തമിഴ് സിനിമാ ലോകത്തെയും ലോകമെമ്ബാടുമുള്ള വിജയ് ആരാധകരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ റെയ്ഡായിരുന്നു താരത്തിന്റെ വസതിയില്‍ 30 മണിക്കൂറോളം ആദായ നികുതി വകുപ്പ് നടത്തിയത്. എന്നാല്‍ താരം നികുതി വെട്ടിപ്പ് നടത്തിയന്നതിന് തെളിവുകളൊന്നും ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്തിനായില്ല എന്നാണ് റെയ്ഡിന് ശേഷം പുറത്തു വരുന്ന വിവരങ്ങള്‍. കൂടുതല്‍ പരിശോധനകളും അന്വേഷണവും ആവശ്യമാണെന്ന ആദായ നികുതി വകുപ്പ് ഇറക്കിയ പത്രക്കുറിപ്പിലെ പ്രസ്താവന ഒന്നും അവസാനിച്ചിട്ടില്ലെന്ന സൂചനയും തരുന്നു. വിജയ് തുടര്‍ന്നും തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെയാകും എന്നതാണ് ഇതിലൂടെ അവര്‍ വ്യക്തമാക്കാന്‍ ഉദേശിക്കുന്നത്.
ഇതു തന്നെയാണ് റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോ എന്ന സംശയം കൂടുതല്‍ ശക്തമാക്കുന്നത്. 30 മണിക്കൂര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും മറ്റു നടന്മാരെ പോലെ താന്‍ ആര്‍ക്കും വഴങ്ങില്ല എന്ന വ്യക്തമായ സന്ദേശമാണ് വിജയ് നല്‍കിയത്. അതു കൊണ്ട് തന്നെ ആയിരിക്കണം പൂര്‍ണമായും നടപടികളും തുടരന്വേഷണവും അവസാനിപ്പിച്ചെന്ന സൂചന നല്‍കാതെ ആദായ നികുതി വകുപ്പ് പ്രസ്താവന ഇറക്കിയത്. ഒരാള്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താന്‍ 30 മണിക്കൂര്‍ ഒക്കെ രാജ്യത്തെ ആദായ നികുതി വകുപ്പിന് ധാരാളമാണ്.
പ്രതിഷേധം ഭയന്നാണ് വിജയ് ക്കെതിരെ നടപടി എടുക്കാത്തതെന്നും കരുതാന്‍ സാധിക്കില്ല. കാരണം ഒരു ദിവസത്തിലേറെ നടനെ വീട്ടു തടങ്കലില്‍ ചോദ്യം ചെയ്തിട്ടും, അറസ്റ്റിന്റെ പ്രതീതി ഉണ്ടായിട്ടും ഒരു അനിഷ്ട സംഭവങ്ങളും സിനിമാ താരങ്ങളെ ദൈവങ്ങളെ പോലെ കാണുന്ന തമിഴ്നാട്ടില്‍ ഉണ്ടായില്ല. അപ്പോള്‍ വിജയിയുടെ വീട് അരിച്ചു പെറുക്കിയിട്ടും തെളിവുകള്‍ ഒന്നും ലഭിച്ചില്ല എന്നത് തന്നെയാണ് കാരണമെന്ന് പറയേണ്ടി വരും. ഒരു പൈസ പോലും വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ല എന്നും ആദായ നികുതി വകുപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പോള്‍ പിന്നെ എന്തിന് ഈ റെയ്ഡ് എന്ന ചോദ്യമാണ് ഉയരുന്നത്. താരത്തിന്റെ സമീപ കാല സിനിമകളും അതിന്റെ ഓഡിയോ ലോഞ്ച് പരിപാടികളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വളരെ കൃത്യമായി മനസിലാകും. തുറന്ന രാഷ്ട്രീയം തന്നെയാണ് താരം കുറച്ചു നാളുകളായി പറഞ്ഞു കൊണ്ടിരിക്കുന്നത്. അത് ബിജെപി ക്കും, എഐഡിഎംകെ യ്ക്കും എതിരെയാണ്. നിലവില്‍ കമലഹാസനും രജനീകാന്തും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞു കഴിഞ്ഞു. എന്നാല്‍ രജനിയുടെ സംഘപരിവാര്‍ അനുകൂല രാഷ്ട്രീയത്തിന് ദ്രാവിഡ മണ്ണില്‍ സ്ഥാനമില്ലെന്നത് വ്യക്തമാണ്. കമല ഹാസന്റെ പാര്‍ട്ടിക്കും സാധാരണ ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. രജനിക്ക് ഫാന്‍ ബേസ് ഉണ്ടായിട്ടും രാഷ്ട്രീയ നിലപാട് വില്ലനായപ്പോള്‍, കമലിന് തടസ്സമാകുന്നത് ഫാന്‍ ബേസിലെ ഏറ്റക്കുറച്ചിലുകളാണ്.
എന്നാല്‍ ഇതു രണ്ടും വിജയിയുടെ കാര്യത്തില്‍ അനുകൂലമാണ്, അദേഹത്തിന്റെ ഫാന്‍ ബേസ് അതിശക്തമാണ്. രാഷ്ട്രീയ നിലപാടുകള്‍ പുരോഗമനപരവും തമിഴ് മക്കള്‍ അംഗീകരിക്കുന്നതുമാണ്. ലാളിത്യം നിറഞ്ഞ പെരുമാറ്റവും, സിനിമകളിലെ പോലെ പഞ്ച് ഡയലോഗുകള്‍ ഉപയോഗിച്ചുള്ള സംസാര രീതിയും ഒക്കെ ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ഇതിനെയാണ് തമിഴ്നാടിന്റെ അധികാരം പിടിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പേടിക്കുന്നതും. നിലവില്‍ വിജയിക്ക് പകരം വെയ്ക്കാനായി മറ്റൊരു സൂപ്പര്‍ താരവും തമിഴ് സിനിമാ ലോകത്തില്ല. പ്രതിഫലത്തിന്റെ കാര്യത്തിലും തുടര്‍ച്ചയായ വിജയ ചിത്രങ്ങളുടെ കാര്യത്തിലും വിജയ് റൊമ്ബ ദൂരം മുന്നിലാണ്. സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയത്തിലെത്തി ശോഭിച്ചവരുടെ പട്ടികയില്‍ വിജയിയും ഇടം പിടിച്ചാല്‍ അതിശയിക്കേണ്ടതില്ല.
ബിഗില്‍ മാത്രമാണ് സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ പ്രത്യക്ഷമായ രാഷ്ട്രീയം പറയാതിരുന്ന വിജയ് ചിത്രം. എന്നാല്‍ ശക്തമായ സ്ത്രീപക്ഷ ആശയങ്ങള്‍ പറഞ്ഞ സിനിമയായിരുന്നു ബിഗില്‍ എന്നതും എടുത്തു പറയേണ്ടതാണ്. ജനങ്ങളുടെ വിശ്വാസം നേടാന്‍ വിജയിയുടെ പെരുമാറ്റ രീതിക്ക് പെട്ടന്ന് തന്നെ സാധിക്കും. ഏതായാലും പത്രസമ്മേളനം വിളിച്ച് വിജയ് റെയ്ഡിനെ കുറിച്ച് പ്രതികരിക്കാന്‍ സാധ്യതയില്ല. അദേഹത്തിന്റെ വേദി ഓഡിയോ ലോഞ്ചുകളാണ്. അവിടെയാണ് അദേഹം മനസ്സ് തുറന്ന് സംസാരിക്കുക. അതുകൊണ്ട് തന്നെ ഏവരും ഉറ്റു നോക്കുന്നത് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് വേദിയിലേയ്ക്കാണ്. നിലപാടറിയാന്‍, മറുപടി കേള്‍ക്കാന്‍.