കാർ കത്തി ഗർഭിണിയും ഭർത്താവും മരിച്ച സംഭവം: കാറിലെ കുപ്പിയിൽ പെട്രോൾ ഉണ്ടായിരുന്നതായി ഫോറൻസിക് റിപ്പോർട്ട്
കണ്ണൂർ: പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ച് യുവതിയും ഭർത്താവും ഗർഭസ്ഥ ശിശുവും വെന്തുമരിച്ച സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കാറിനകത്തു പെട്രോളിന്റെ അംശം കണ്ടെത്തിയതായാണ് റിപ്പോർട്ട്. കാറിന്റെ കത്തിയ ഭാഗങ്ങളിൽ നിന്നു കണ്ടെടുത്ത പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളിന്റെ അംശമുണ്ടെന്ന റിപ്പോർട്ട് തളിപ്പറമ്പ് ആർഡിഒയാണ് കോടതിയിൽ സമർപ്പിച്ചത്.
ഫെബ്രുവരി രണ്ടിനായിരുന്നു കേരളത്തെ നടുക്കിയമയ്യിൽ കുറ്റിയാട്ടൂർ കാരാറമ്പ് സ്വദേശികളായ ടി.വി. പ്രജിത്ത് (32), ഭാര്യ കെ.കെ.റീഷ (26) എന്നിവർക്കും ശിശുവിനുമാണ് ദാരുണാന്ത്യം. കണ്ണൂർ ജില്ലാ ആശുപത്രിയിക്ക് 500 മീറ്റർ മാത്രം അകലെയായിരുന്നു അപകടം. പ്രജിത്തും റീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പിൻ സീറ്റിലുണ്ടായിരുന്ന ഇവരുടെ മകൾ ഏഴുവയസുകാരി ശ്രീപാർവതി, റീഷയുടെ അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവർ രക്ഷപ്പെട്ടു. പിറകുവശത്തെ ഡോർ തുറക്കാൻ കഴിഞ്ഞതിനാലാണ് ഇവർ രക്ഷപ്പെട്ടത്. എന്നാൽ വാഹനമോടിച്ചിരുന്ന പ്രജിത്തും റീഷയും മുൻവശത്തെ ഡോർ തുറക്കാൻ കഴിയും മുമ്പ് അഗ്നിക്കിരയാവുകയായിരുന്നു. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു.
ഡ്രൈവർ സീറ്റിന്റെ മുൻ വശത്തു നിന്ന് പ്രജിത്തിന്റെ കാലിലേക്കാണ് ആദ്യം തീ പടർന്നത്. പ്രജിത്ത് ഉടൻ പിന്നിലെ ഡോർ തുറന്നു കൊടുത്തെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. ഇവർ പുറത്തിറങ്ങയതിനു പിന്നാലെ കാർ തീഗോളമായി.
പ്രജിത്തും ഭാര്യയും കരഞ്ഞ് വിളിച്ചെങ്കിലും രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായി കണ്ടു നിൽക്കേണ്ടിവന്നെന്ന് ഓടിക്കൂടിയവർ കണ്ണീരോടെ പറഞ്ഞു. ഇവർ ഫയർഫോഴ്സിനെ വിളിച്ചു വരുത്തി. എന്നാൽ, കത്തിയാളുന്ന കാറിൽ നിന്ന് രണ്ടുപേരെയും പുറത്തെത്തിക്കാൻ ഫയർ ഫോഴ്സിനും സാധിച്ചില്ല. തീ അണഞ്ഞിട്ടും വലിയ രീതിയിൽ ഉയർന്ന പുകയും വെള്ളം ചീറ്റി ശമിപ്പിച്ചശേഷം ഡോർ വെട്ടിപ്പൊളിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. ക്യാബിനും സീറ്റും പൂർണമായും കത്തിനശിച്ചിരുന്നു.