ചാർജ് ചെയ്യുന്നതിനിടയിൽ കാൾ ചെയ്തു; ഫോൺ പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം
ഭോപ്പാൽ: ഫോൺ പൊട്ടിത്തെറിച്ച് 68കാരൻ മരിച്ചു. മദ്ധ്യപ്രദേശിലെ ബർനഗർ തഹസിലാണ് സംഭവം. ചാർജ് ചെയ്യുന്നതിനിടയിൽ കാൾ ചെയ്തതാണ് ഫോൺ ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണം. ദയാംറാം ബറോഡിൻ എന്നയാളാണ് മരിച്ചത്. പൊട്ടിത്തെറിച്ച് ഇയാളുടെ തലയ്ക്കും മുഖത്തും നെഞ്ചിലും മാരകമായി പരിക്കേറ്റിരുന്നു.
അപകടം സംഭവിക്കുമ്പോൾ ചാർജിലിട്ട ഫോണിൽ ദയാംറാം തന്റെ സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ഫോൺ പെട്ടെന്ന് ഓഫ് ആയതിനെ തുടർന്ന് സുഹൃത്ത് ദയാറാമിനെ തിരിച്ച് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് മരിച്ചനിലയിൽ ദയാംറാമിനെ കണ്ടത്.
ഫോറൻസിക് സംഘം പൊട്ടിത്തെറിച്ച മൊബെെൽ ഫോൺ കണ്ടെത്തി. ഫോൺ ചാർജർ സ്വിച്ച് ബോർഡുമായി ബന്ധിപ്പിച്ചിരുന്നു. ദുരന്തത്തിൽ ദുരൂഹതയുള്ളതിനാൽ പൊലീസ് കൂടുതൽ പരിശോധനങ്ങൾ നടത്തിയെങ്കിലും മറ്റ് സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.