അടുപ്പിൽ നിന്ന് തീപ്പൊള്ളലേറ്റ നൃത്ത വിദ്യാർത്ഥിനി മരിച്ചു; ദാരുണാന്ത്യമുണ്ടായത് ഈ മാസം വിവാഹം നടക്കാനിരിക്കെ
കാസർകോട്: വെള്ളം തിളപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബാര അടുക്കത്തുബയൽ കലാനിലയത്തിൽ കെ രത്നാകരൻ നായരുടെ മകൾ പി രശ്മി (23) യാണ് മരിച്ചത്. ജനുവരി 21നാണ് രശ്മിക്ക് ഗുരുതരമായി പൊള്ളലേറ്റത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
അമ്മാവന്റെ വീട്ടിൽ വച്ച് മണ്ണെണ്ണ അടുപ്പിൽ നിന്നാണ് രശ്മിക്ക് പൊള്ളലേറ്റത്. തിളപ്പിച്ച വെള്ളം മാറ്റാനായി തിരിയുന്നതിനിടെ പിന്നിൽ നിന്നും വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രശ്മിയെ കഴിഞ്ഞ ദിവസം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.
പൊയിനാച്ചി ടൗണിലെ ഓൺലൈൻ സേവനകേന്ദ്രത്തിൽ ജീവനക്കാരിയായിരുന്നു രശ്മി. ചട്ടഞ്ചാൽ ത്രയം കലാകേന്ദ്രത്തിൽ നൃത്ത വിദ്യാർത്ഥിനിയായിരുന്ന രശ്മി നിരവധി നൃത്തപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ മാസം രശ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണമായ മരണം സംഭവിച്ചത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.