കൊച്ചി: സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ജനക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകി സംസ്ഥാന ബജറ്റ്. രണ്ടു മണിക്കൂർ 35 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിൽ എല്ലാ മേഖലകളെയും ഉൾപ്പെടുത്താൻ ധനമന്ത്രി ശ്രമിച്ചു. എന്നാൽ ഈ വികസന പദ്ധതികൾക്ക് എങ്ങനെ പണം കണ്ടെത്താനാകും എന്നതാണ് സർക്കാർ നേരിടുന്ന വെല്ലുവിളി.
സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തിൽ
*സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിൻറെ ഭാഗമായി 1500 കോടി രൂപയുടെ അധികച്ചെലവ് ഒഴിവാക്കും.
*കിഫ്ബിയിലൂടെ സംസ്ഥാനത്തിൻറെ മുഖച്ഛായ മാറ്റും എന്നാണ് പ്രധാന പ്രഖ്യാപനം. 2020-21ൽ കിഫ്ബിയുടെ കീഴിലുള്ള വികസന പദ്ധതികൾക്കായി 2,0000 കോടി രൂപ ചെലവഴിയ്ക്കും.
*ഭൂമിയുടെ ന്യായ വില പത്ത് ശതമാനം വർധിപ്പിച്ചിട്ടുണ്ട്. വികസന പദ്ധതികൾക്ക് പരിസരത്തുള്ള ഭൂമിയുടെ ന്യായ വില 30 ശതമാനം ആണ് ഉയർത്തിയിരിക്കുന്നത്. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം നേടുകയാണ് ലക്ഷ്യം
*ആഡംബര കെട്ടിട നികുതി, മോട്ടോർ വാഹന നികുതി എന്നിവ വർധിപ്പിച്ചിട്ടുണ്ട്.
കെട്ടിട നികുതി കൂടും. 3000-5000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് 5000 രൂപയോളം നികുതി കൂടിയേക്കും. രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനവുമാണ് നികുതി ഉയർത്തിയിരിക്കുന്നത്.
*ജിഎസ്ടി സംവിധാനം വിപുലീകരിക്കും. ഇതിനായി പ്രത്യേക 12 ഇന കർമ പരിപാടി. നികുതി വെട്ടിപ്പ് തടയുന്നതിനും അതിർത്തി കടന്നുള്ള ചരക്കു നീക്കം നിരീക്ഷിയ്ക്കുന്നതിനും ഉൾപ്പെടെ സംവിധാനങ്ങൾ
*കുടുംബശ്രീയെ അടുത്ത തലത്തിലേക്ക് ഉയർത്തും വനിതാക്ഷേമ പദ്ധതികൾക്കുള്ള വിഹിതം 18 ശതമാനം ഉയർത്തി.
*കാർഷിക മേഖലയ്ക്ക് 2,000 കോടി രൂപ വക ഇരുത്തിയിട്ടുണ്ട്. പച്ചക്കറി, പുഷ്പ കൃഷിക്ക് ആയിരം കോടി രൂപ അനുവദിച്ചിട്ടുണ്ട്.
* ആരോഗ്യമേഖലയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു.മെഡിക്കൽ കോർപ്പറേഷന് 50 കോടി രൂപ വക ഇരുത്തി. കാൻസർ മരുന്നുകൾക്ക് വില കുറയും, നേഴ്സിങ് പരിശീലനം വർധിപ്പിയ്ക്കും.
*വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത് . കോളേജുകളിൽ 1000 അധ്യാപക തസ്തികകൾ സ്ഥാപിക്കും.
*നഗരവികസത്തിന് 1945 കോടി അനുവദിക്കും. ഇതിൽ ഇടുക്കിക്ക് 1,000 കോടിയുടെ പാക്കേജ്. കാസർകോടിന് 90 കോടി രൂപയുടെ പാക്കേജ് എന്നിവ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത മേഖലയിൽ പരിസ്ഥിതി സൌഹാർദ്ദ പദ്ധതികൾക്ക് ഊന്നൽ. കൊച്ചി വാട്ടർ മെട്രോയ്ക്കായി കൂടുതൽ സൌരോർജ്ജ ബോട്ടുകൾ.
*ഗ്രാമീണ റോഡ് വികസനത്തിന് 1000കോടി രൂപയും തീരദേശ വികസനത്തിന് 1,000 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
*നിക്ഷേപമടക്കം വ്യവസായ മേഖലയ്ക്ക് 468 കോടി രൂപ അടങ്കൽ തുക. ഇതിൽ 109 കോടി രൂപ കെഎസ്ഐഡിസിയ്ക്കും 92 കോടി രൂപ കിൻഫ്രയ്ക്കും നൽകും.
*ടൂറിസം പ്രോത്സാഹനത്തിന് 320 കോടി രൂപ വക ഇരുത്തി. ഇതിൽ 60 കോടി രൂപ ടൂറിസം മാർക്കറ്റിങ്ങിനായി ചെലവഴിയക്കും. മലബാർ മേഖലയിലെ ടൂറിസം വികസനത്തിനും ഊന്നൽ.
*കായികരംഗത്തിന് 40 കോടി രൂപ നൽകും
*പ്രവാസികളുടെ ക്ഷേമത്തിനായും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പ്രവാസി ക്ഷേമ നിധിക്ക് 90കോടി.