രാത്രിയിൽ തലയിൽ തോർത്തിട്ട് ബിജു വീഡിയോ കോളിലെത്തും, ലക്ഷങ്ങൾ തട്ടിയത് കൂടെ പഠിച്ചവരെ കബളിപ്പിച്ച്
തൊടുപുഴ: കാൻസർ രോഗിയാണെന്ന് പറഞ്ഞ് നിരവധി പേരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി.ബി. ബിജുവാണ് (45) പിടിയിലായത്. താൻ രോഗിയാണെന്ന് കാണിച്ച് കോളേജിൽ ഒരുമിച്ച് പഠിച്ചവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാൾ ആദ്യം സന്ദേശമയച്ചത്. തുടർന്ന് അമ്മാവനെന്ന് പരിചയപ്പെടുത്തി ഗ്രൂപ്പ് അംഗങ്ങളെ ബിജു തന്നെ ശബ്ദം മാറ്റി വിളിച്ചു. ശബ്ദം മാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഇത് ചെയ്തത്. തുടർന്ന് സഹപാഠികൾ പത്തര ലക്ഷത്തോളം രൂപ പിരിച്ച് നൽകി.
തുടർന്ന് സഹോദരിയെന്ന് പരിചയപ്പെടുത്തി സ്ത്രീ ശബ്ദത്തിൽ ഇയാൾ അദ്ധ്യാപകരെ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. അവരും പണം പിരിച്ചു നൽകി. 15 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. തമിഴ്നാട്ടിലെ ഒരു ആശുപത്രിയിലെ ചികിത്സാ രേഖകളും ഇയാൾ വ്യാജമായി ചമച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടിരുന്നു. തുടർ ചികിത്സയ്ക്ക് വേണ്ടിയും ഇയാൾ സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് അമ്മാവനോട് വീഡിയോ കോളിൽ വരാൻ ഗ്രൂപ്പ് അംഗങ്ങൾ അവശ്യപ്പെട്ടു. രാത്രിയിൽ ബിജു തലയിൽ തോർത്തിട്ട് മൂടിയാണ് വീഡിയോ കോളിലെത്തിയത്. ഇതോടെ ഗ്രൂപ്പ് അംഗങ്ങൾക്ക് സംശയമായി. തുടർന്ന് ‘അമ്മാവന്റെ’ നമ്പരിൽ വിളിച്ചപ്പോൾ ബിജു മരിച്ചുപോയെന്ന മറുപടിയാണ് ലഭിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസം സഹപാഠികളിലൊരാൾ ബിജുവിനെ തൊടുപുഴയിൽ വച്ച് കണ്ടു. പുതിയ കാർ വാങ്ങിയതായും മനസിലായി. അപ്പോഴാണ് തട്ടിപ്പിന് ഇരയായ അറിയുന്നത്. തുടർന്ന് അമ്പത് പേർ ഒപ്പിട്ട് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഡിവൈ.എസ്.പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേർത്തല സ്വദേശിയായ ഇയാൾ വിവാഹ ശേഷമാണ് മുളപ്പുറത്ത് എത്തിയത്. ഇവിടത്തെയും ആലപ്പുഴയിലേയും വിലാസത്തിൽ ഇയാൾക്ക് രണ്ട് ആധാർ കാർഡുകളുണ്ട്. ആലപ്പുഴയിലെ ആധാർ കാർഡിൽ ബിജു ചെല്ലപ്പനെന്നാണ് പേര്.