ഇറക്കമിറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടമായി; ഇന്റർലോക്ക് കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിച്ചുകയറി കെഎസ്ആർടിസി ബസ്, രണ്ട് കുട്ടികൾക്ക് സിമന്റ് കട്ട വീണ് പരിക്ക്
തിരുവനന്തപുരം: പാറശാലയ്ക്ക് സമീപം അയിരയിൽ ഇറക്കമിറങ്ങവെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പിക്കപ്പ് വാനിലിടിച്ച് അപകടം. ഇറക്കമിറങ്ങി വരവെ കെഎസ്ആർടിസി വേണാട് ബസിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്നാണ് അപകടമുണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾവിട്ട സമയത്താണ് സംഭവം.
അയിര കുളത്തിന് സമീപത്തുവച്ച് ഇറക്കമിറങ്ങി വന്ന ബസ് ഒരു സ്കൂൾ ബസിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് തിരിച്ചു. ഇതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് വഴിയിൽ പാർക്ക്ചെയ്ത പിക്കപ്പിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാനിൽ അടുക്കിവച്ചിരുന്ന ഇന്റർലോക്ക് കട്ടകൾ തെറിച്ച് ദേഹത്തുവീണ് അയിര ഗവൺമെന്റ് സ്കൂൾവിദ്യാർത്ഥികൾ പരശുവയ്ക്കൽ സ്വദേശി ബിനിഷ(16), കൊറ്റാമം സ്വദേശി രമ്യ(16) എന്നിവർക്ക് പരിക്ക്പറ്റി.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലുമണിയ്ക്ക് അപകടം നടക്കുമ്പോൾ ഇതുവഴി നിരവധി കുട്ടികൾ യാത്രചെയ്തിരുന്നുവെന്നാണ് വിവരം.