മോഷണത്തിന് ശേഷം ഓംലെറ്റ് ഉണ്ടാക്കി കഴിക്കണമെന്ന് നിർബന്ധമുള്ള ഒരേയൊരു കള്ളൻ: മൊട്ട ജോസ് പിടിയിൽ
കൊല്ലം: പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും വലയിലാകാതിരുന്ന കുപ്രസിദ്ധ മോഷ്ടാവ് കിളികൊല്ലൂർ മങ്ങാട് തുലയറ്റുവിള വീട്ടിൽ മൊട്ട ജോസ് എന്നറിയപ്പെടുന്ന ജോസ് (51) പിടിയിലായി. സി.സി ടി.വി കാമറയാണ് കുടുക്കിയത്.
തിരുമുല്ലവാരം വയലിൽ കാവ് ക്ഷേത്രത്തിന് സമീപം പണി പൂർത്തിയാക്കി പാൽകാച്ച് കർമ്മം നടത്താനിരുന്ന ആൾ താമസമില്ലാത്ത വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഒന്നോടെ മതിൽ ചാടിക്കടന്ന് എത്തിയതിന് പിന്നാലെയാണ് മൊട്ട ജോസ് വലയിലായത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സെൻസർ സംവിധാനമുള്ള കാമറയ്ക്ക് മുന്നിലൂടെ മൊട്ടജോസും കൂട്ടാളിയും കടന്നുപോയതോടെ ഉടമയുടെ ഫോണിൽ സന്ദേശമെത്തി.
വീട്ടുടമ ഉടൻ പ്രദേശവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോൾ വീടിന്റെ മതിൽ ചാടി രക്ഷപ്പെടാൻ മൊട്ട ജോസ് ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. പക്ഷെ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
നിരവധി മോഷണ കേസുകളിൽ പ്രതിയായ മൊട്ട ജോസിനെ നേരത്തെ പരവൂർ പൊലീസ് പിടികൂടിയിരുന്നു. അന്ന് തെളിയിക്കപ്പെട്ട കേസുകളിലെ ശിക്ഷ കഴിഞ്ഞ് 2022 നവംബറിൽ പുറത്തിറങ്ങി. ഇതിന് ശേഷം വീണ്ടും മോഷണത്തിലേക്ക് തിരിഞ്ഞു. കൊല്ലം വെസ്റ്റ് പൊലീസ് പരിധിയിൽ മനയിൽകുളങ്ങര വനിതാ ഐ.ടി.ഐക്ക് സമീപമുള്ള വീട്ടിൽ നിന്ന് 85,000 രൂപയുടെ ഡയമണ്ട് ആഭരണങ്ങളും വിദേശ കറൻസികളും ഉൾപ്പെടെ കവർന്നു. തങ്കശേരിയിലെ വീട്ടിലും മോഷണ ശ്രമം നടത്തി. വിരലടയാളങ്ങളിൽ നിന്ന് മോഷ്ടാവ് ജോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഈ കേസുകളിൽ പൊലീസ് മൊട്ട ജോസിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രപരിസരത്തും കായംകുളത്ത് ബസുകളിലും മൊട്ട ജോസിനെ കണ്ടതായി വിവരം ലഭിച്ചെങ്കിലും പിടികൂടാനായില്ല