ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയായില്ല; മുസ്ലിം ലീഗ് പുനഃസംഘടന വൈകും
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന നീളും. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാകാത്തതാണ് പുതിയ സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പിനെയും ബാധിച്ചത്. ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ശേഷമാകും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുക.
എറണാകുളം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റികൾ നേരത്തെ നിശ്ചയിച്ച തീയതിയിൽ പുനഃസംഘടിപ്പിക്കാനായില്ല. ജില്ലാ നേതാക്കൾക്കിടയിലെ തർക്കമാണ് പുതിയ കമ്മറ്റി തെരഞ്ഞെടുപ്പിനെ ബാധിച്ചത്. എറണാകുളം ജില്ല കമ്മിറ്റി പുനഃസംഘടന ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. സമവായ ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. ഇതോടെ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ ഏറ്റെടുത്തുവെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. തൃശൂരിൽ പുതിയ ജില്ലാ കമ്മിറ്റി ഇന്നലെയാണ് നിലവിൽ വന്നത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ഇത് വരെ പ്രഖ്യാപിക്കാനായിട്ടില്ല. ഇതോടെ സംസ്ഥാന പുനഃസംഘടനയും അവതാളത്തിലായി. സംസ്ഥാന കൗൺസിലിൽ പങ്കെടുക്കേണ്ടവരെ അതാത് ജില്ലാ കമ്മിറ്റികൾ തീരുമാനിക്കണം. പാർട്ടി ഭരണഘടന പ്രകാരം കൗൺസിൽ അംഗങ്ങൾക്ക് ഒരാഴ്ച മുമ്പെങ്കിലും കൗൺസിൽ യോഗം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഔദ്യോഗിക അറിയിപ്പ് നൽകണം.
പല ജില്ലാ കമ്മറ്റികളുടെ തെരഞ്ഞെടുപ്പിലും തർക്കം വന്നതോടെ ഈ നടപടി ക്രമങ്ങളും മുൻ നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കാനായില്ല. ഇതോടെയാണ് സംസ്ഥാന കമ്മറ്റി പുനഃസംഘടനയും നീട്ടി വെക്കാൻ ലീഗ് നേതൃത്വം നിർബന്ധിതരായത്. എന്നാൽ മുസ്ലിം ലീഗ് രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 9,10 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ തിരക്കാണ് സംസ്ഥാന പുനഃസംഘടന നീളാൻ കാരണമായി നേതൃത്വം വിശദീകരിക്കുന്നത്. ദേശീയ സമ്മേളനം കഴിഞ്ഞാലുടൻ സംസ്ഥാന കമ്മിറ്റി പുനഃസംഘടന നടത്താനുമാണ് തീരുമാനം.