ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു, വാട്ട്സാപ്പിലൂടെ സന്ദേശം; അധ്യാപകനെതിരേ പരാതിയുമായി വിദ്യാര്‍ഥിനികള്‍
കുമ്പള : അധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വിദ്യാർഥിനികൾ. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടികളുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. എട്ട് വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതിയുന്നയിച്ചത്. ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും വാട്ട്സാപ്പിലൂടെ സന്ദേശമയക്കുകയും ചെയ്തെന്നാണ് പരാതി.
സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടിയിൽനിന്നാണ് അധ്യാപകനെതിരെ ആദ്യമായി പരാതി ലഭിച്ചത്. സ്കൂൾ കൗൺസലർക്ക് പിന്നീട് എട്ട് വിദ്യാർഥിനികളുടെ പരാതി ലഭിച്ചതായി അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ പ്രഥമാധ്യാപികയുടെ ചുമതലയുള്ള അധ്യാപിക ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. സ്റ്റേഷനിൽനിന്ന് വനിതാ പോലീസെത്തി സംഭവം അന്വേഷിച്ചുവെന്നല്ലാതെ തുടർനടപടികളുണ്ടായില്ലെന്നാണ് ആക്ഷേപം.
എസ്.എഫ്.ഐ. മാർച്ച് നടത്തി:
ലൈംഗികച്ചുവയോടെ വിദ്യാർഥിനികളോട് പെരുമാറിയ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. സ്കൂളിലേക്ക് മാർച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് പ്രവീൺ പാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് യോഗീഷ് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറിമാരായ വൃന്ദ, ശ്രീദേവി, നസീൽ എന്നിവർ സംസാരിച്ചു.
പി.ടി.എ. അന്വേഷണത്തിന്
സംഭവം ശ്രദ്ധയിൽപ്പെട്ടതായും യോഗം ചേർന്ന് അന്വേഷണത്തിന് പ്രത്യേക സമിതിക്ക് രൂപം നൽകിയതായും പി.ടി.എ. പ്രസിഡന്റ് പറഞ്ഞു. രണ്ട് ഹയർ സെക്കൻഡറി അധ്യാപകരും മൂന്ന് പി.ടി.എ. അംഗങ്ങളും ഉൾപ്പെടുന്നതാണ് സമിതി.