ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബദ് പ്രചരണത്തിന്റെ മണിക്കൂറുകൾ. തലസ്ഥാനം പിടിക്കാന്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. എന്നാല്‍ വിജയപ്രതീക്ഷയോടെയാണ് ആം ആദ്മി പാര്‍ട്ടി പ്രചാരണം അവസാനിപ്പിച്ചത്. ഡല്‍ഹിയില്‍ വോട്ടര്‍മാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക് എത്തും.
കോണ്‍ഗ്രസ് മത്സരരംഗത്ത് ഉണ്ടെങ്കിലും മുഖ്യ പോരാട്ടം ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ചൂടേറിയ രാഷ്ട്രീയ വാക്പോരിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാരും സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. അരവിന്ദ് കെജ്രിവാള് ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, കോണ്‍ഗ്രസ് വേണ്ടി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരും രംഗത്തിറങ്ങി.
തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങിയതും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞതുമാണ് ബിജെപി ക്യാമ്ബിന്റെ പ്രതീക്ഷ. ഡല്‍ഹിയിലെ പ്രാദേശിക വിഷയങ്ങളില്‍ തുടങ്ങിയ പ്രചാരണം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ വരെ എത്തി നിന്നു.
നവമാധ്യമങ്ങളുടെ സാധ്യത തേടി നിശബ്ദ പ്രചാരണ മണിക്കൂറുകളില്‍ പരമാവധി വോട്ട് സമാഹരിക്കാനാണ് മൂന്ന് പാര്‍ട്ടികളുടെയും നീക്കം. അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായാണ് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതും ആം ആദ്മി ക്യാമ്ബിന് ആത്മവിശ്വാസം ഇരട്ടിയാക്കി.ഈമാസം 11 നാണ് ഫലപ്രഖ്യാപനം.