നഗരത്തിൽ ഇഷ്ടപ്പെട്ട ബിയർ ബ്രാൻഡ് ലഭിക്കാനില്ല; പരാതിയുമായി യുവാവ് കളക്ടറുടെ മുന്നിൽ
ഹെെദരാബാദ്: തനിയ്ക്ക് ഇഷ്ടമുള്ള ബിയർ ബ്രാൻഡ് നഗരത്തിൽ കിട്ടാത്തതിനെ തുടർന്ന് യുവാവ് കളക്ടർക്ക് രേഖാമൂലം പരാതി നൽകി. തെലങ്കാനയിലെ ജഗ്തിയാൽ എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. ബീരം രാജേഷ് എന്നയാളാണ് തന്റെ പ്രിയപ്പെട്ട ബിയർ ബ്രാൻഡ് നഗരത്തിൽ എവിടെയും കിട്ടാനില്ല എന്ന പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചത്. ജില്ലയിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനായി കളക്ടർ സംഘടിപ്പിച്ച പ്രജാവാണി എന്ന പരിപാടിയിലാണ് പരാതിയുമായി ബീരം രാജേഷ് എത്തിയത്.നഗരത്തിൽ ഈ ബ്രാൻഡ് ബിയർ കിട്ടാനില്ലാത്തത് ഒരു വലിയ സാമൂഹിക പ്രശ്നമാണെന്ന് അയാൾ വാദിച്ചു. വിലകുറഞ്ഞ ബിയറുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും ബീരം രാജേഷ് പറഞ്ഞു. കലക്ടറുടെയും ഉദ്യോഗസ്ഥരുടെയും മുൻപിൽ രേഖാമൂലമാണ് ഇയാൾ പരാതി ബോധിപ്പിച്ചത്.വെെൻ ഷോപ്പുകളിൽ എല്ലാത്തരം ബിയറുകളും വിൽക്കണമെന്നും ഗുണനിലവാരം കുറഞ്ഞതും പ്രാദേശികമായി നിർമ്മിച്ചതുമായ ബിയറുകൾ മാത്രമാണ് ഇപ്പോൾ വിൽക്കുന്നതെന്നും പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള പാനീയങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്നും കലക്ടർ നടപടിയെടുക്കണമെന്നും ബീരം രാജേഷ് ആവശ്യപ്പെട്ടു.