സി എം രവീന്ദ്രന് വീണ്ടും ഇ ഡി നോട്ടീസ്; ഹാജരാകേണ്ടത് മാർച്ച് ഏഴിന്
കൊച്ചി: ലൈഫ് മിഷന് കോഴ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. മാര്‍ച്ച് ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.ഫെബ്രുവരി 27ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഔദ്യോഗിക തിരക്കുകള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. രണ്ടാമതും നോട്ടീസ് നൽകിയ സാഹചര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സി എം രവീന്ദ്രൻ നിർബന്ധിതനായേക്കും. അതല്ലെങ്കിൽ കോടതിയെ സമീപിച്ച് വാറന്റ് നേടിയെടുക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് ഇ ഡിക്ക് പോകാനാകും.നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രവീന്ദ്രൻ ഇ ഡിയെ അറിയിച്ചിരുന്നത്. നേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.