പാകിസ്ഥാനിൽ സൈന്യവും പട്ടിണിയിൽ, സൈനികർക്ക് ദിവസം രണ്ടുനേരം ശരിയായി ഭക്ഷണം നൽകാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ് : പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാവാതെ കഷ്ടപ്പെടുമ്പോൾ രാജ്യത്തെ സൈന്യവും കടുത്ത പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. സൈനികർക്ക് ദിവസം രണ്ടുനേരം ശരിയായി ഭക്ഷണം നൽകാൻ കഴിയുന്നില്ലെന്ന ഗുരുതരമായ സാഹചര്യമാണ് പാകിസ്ഥാനിലുള്ളതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈന്യത്തിനായുള്ള പ്രത്യേക ഫണ്ടുകൾ വെട്ടിക്കുറച്ചതിനെത്തുടർന്നാണിത്.ഭക്ഷ്യക്ഷാമം ചൂണ്ടിക്കാട്ടി ഫീൽഡ് കമാൻഡർമാർ ജനറലിന്റെ ഓഫീസിലേക്ക് കത്തെഴുതിയത് തെളിവാക്കിയാണ് മാദ്ധ്യമങ്ങൾ പ്രതിസന്ധിയെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിലെ കാലതാമസവും വിനയാകുന്നുണ്ട്. ഭക്ഷ്യക്ഷാമത്തെ കുറിച്ചുള്ള സൈനികരുടെ പരാതി കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. സൈനികരുടെ ഭക്ഷണ ഫണ്ട് അടുത്തിടെ വെട്ടിക്കുറച്ചതാണ് സൈനികരിൽ അതൃപ്തി പടരാൻ കാരണമായത്.ഭരണചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഷെരീഫ് സർക്കാർ സൈനികരുടെ ആഹാരത്തിലും കൈ വച്ചത്. ഇതിന് പുറമേ സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും, ചാര സംഘടനയുടെ ഫണ്ട് കുറയ്ക്കുന്നത് ഉൾപ്പടെയുള്ള നിരവധി തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിരുന്നു. എന്നാൽ എത്രയൊക്കെ വെട്ടിക്കുറച്ചിട്ടും പാകിസ്ഥാനിൽ പണപ്പെരുപ്പം റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ്. പ്രതിവാര പണപ്പെരുപ്പം 40 ശതമാനത്തിന് മുകളിൽ എത്തിയിരിക്കുകയാണ്. അഞ്ച് മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം 40 ശതമാനത്തിനും മുകളിൽ എത്തിയത്.