ബസ് യാത്രയ്ക്കിടെ മോഷണം: തമിഴ് സഹോദരിമാർ അറസ്റ്റിൽ
ബോവിക്കാനം ∙ ബസ് യാത്രയ്ക്കിടെ വയോധികയുടെ മാലയും പണമടങ്ങിയ പഴ്സും മോഷ്ടിച്ച കേസിൽ 2 തമിഴ് സഹോദരിമാർ അറസ്റ്റിൽ. തിരുനെൽവേലി തൂത്തുക്കുടി മൂന്നാം മൈലിലെ നിഷ(28), അനുജത്തി പാർവതി(25) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിലാണ് ഇരുവരും. ആദൂർ എസ്ഐ കെ.വി.മധുസൂദനൻ വനിതാ ജയിലിലെത്തി രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
മൈലാട്ടി എരുതുംകടവിലെ പരേതനായ നാരായണന്റെ ഭാര്യ പി.കാർത്യായനി അമ്മയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണമാലയും 400 രൂപയടങ്ങിയ പഴ്സും കവർന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ 3നാണ് സംഭവം. ചെർക്കളയിൽ നിന്ന് മഞ്ചക്കല്ലിലേക്കു യാത്ര ചെയ്യുന്നതിനിടെ ബസിൽ വച്ചാണു മോഷണം.
കണ്ണൂരിലെ കേസിൽ അറസ്റ്റിലായ പ്രതികളുടെ പടം പത്രങ്ങളിൽ കണ്ട് കാർത്യായനി അമ്മ ഇവരെ തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവർ ബസിൽ യാത്ര ചെയ്തതായി വ്യക്തമാവുകയും ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്നു പൊലീസ് കോടതിയിൽ നൽകും. കവർന്ന സ്വർണം കണ്ടെത്തുന്നതിനടക്കമുള്ള നടപടികൾ ബാക്കിയാണ്.