ബേക്കൽ ഫെസ്റ്റ്: വെടിക്കെട്ടുകാരനുള്ള 3 ലക്ഷം രൂപ സിപിഎം നേതാവ് മുക്കിയതായി ആരോപണം
കാസർകോട് ∙ ബേക്കൽ ബീച്ച് ഫെസ്റ്റ് കഴിഞ്ഞിട്ട് 2 മാസം പിന്നിട്ടിട്ടും കരിമരുന്നു പ്രയോഗം നടത്തിയ കരാറുകാരനു പണം ലഭിച്ചില്ലെന്ന് ആരോപണം. സംഘാടക സമിതിയിൽ നിന്ന് 5.18 ലക്ഷം രൂപ പണമായി സിപിഎം പ്രാദേശിക നേതാവ് വാങ്ങിയെങ്കിലും കരാറുകാരനു നൽകിയത് 2 ലക്ഷം മാത്രമാണത്രേ. പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തുക കരാറുകാരനു ലഭിച്ചിട്ടില്ല.
ഒരു ലക്ഷം രൂപ അഡ്വാൻസായും പിന്നീട് ഒരു ലക്ഷവും അടക്കം ആകെ 2 ലക്ഷം മാത്രമാണു കരാറുകാരനു ലഭിച്ചത്. ഫെസ്റ്റ് കഴിഞ്ഞ് 10ാം ദിവസം തന്നെ ബാക്കി മുഴുവൻ തുകയും സിപിഎം പ്രാദേശിക നേതാവ് നേരിട്ടു കൈപ്പറ്റിയതാണ്. പക്ഷേ തുക കരാറുകാരനു കൈമാറിയില്ല. ഫെസ്റ്റിന്റെ ഭാഗമായി 4 ദിവസമാണു വെടിക്കെട്ട് നടന്നത്. ചെലവായി വന്ന മൊത്തം തുകയും കരാറുകാരനു കൈമാറി എന്നാണു സംഘാടകസമിതി അവതരിപ്പിച്ച വരവുചെലവ് കണക്കിലുള്ളത്. കരാറുകാരന്റെ കയ്യിൽ തുക എത്തിയിട്ടുമില്ലത്രേ.