കണ്ണില്ലാത്ത ക്രൂരത!, അയല്‍വാസിയുടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു; ഒരുമരണം
മുംബൈ: മഹാരാഷ്ട്രയില്‍ അയല്‍വാസിയുടെ രണ്ടുമക്കളെ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു.
അഞ്ചുവയസുകാരന് മരിക്കുകയും ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതി ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബ്ര ടൗണ്‍ഷിപ്പിലെ ദേവ്രിപദ മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം. കൃത്യത്തിന് പിന്നിലുള്ള യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണെന്ന് മുംബ്ര പൊലീസ് പറയുന്നു.
രണ്ടുകുട്ടികളുടെയും അയല്‍വാസിയാണ് ആസിഫ്. ആസിഫിനും ഭാര്യയ്ക്കും കുട്ടികളില്ല. ചെറിയ കാര്യങ്ങളുടെ പേരില്‍ പോലും ആസിഫും ഭാര്യയും തമ്മില്‍ വഴക്ക് പതിവാണ്. ആക്രമണത്തിന് ഇരയായ രണ്ടു കുട്ടികളുടെയും അമ്മയുമായി ആസിഫിന്റെ ഭാര്യ സൗഹൃദത്തിലായിരുന്നു. എന്നാല്‍ കുട്ടികളുടെ അമ്മയുമായി ഭാര്യ സംസാരിക്കുന്നത് ആസിഫിന് ഇഷ്ടമായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ച കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് രണ്ടു കുട്ടികളെയും ആസിഫ് താഴേക്ക് വലിച്ചെറിയുകയായിരുന്നു. ആണ്‍കുട്ടി തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.