റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്നുമുതല്‍ മാറ്റം; ഫെബ്രുവരി റേഷന്‍ ശനിയാഴ്ച വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു. ബുധനാഴ്ച മുതല്‍ രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചക്ക് ശേഷം നാലു മുതല്‍ ഏഴ് മണിവരെയുമായിരിക്കും പ്രവര്‍ത്തന സമയമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
അതേസമയം, ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് നാലാം തീയതി വരെ നീട്ടിയതായി ഭക്ഷ്യ വകുപ്പുമന്ത്രി ജി ആര് അനില്‍ അറിയിച്ചു.
എല്ലാ ജില്ലകളിലും റേഷന്‍ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റി പരീക്ഷണം നടത്താനുള്ള എന്‍ഐസി നിര്‍ദേശപ്രകാരമാണ് സമയമാറ്റം. കഴിഞ്ഞ രണ്ട് മാസമായി ഏഴ് ജില്ലകളില്‍ രാവിലെ മുതല്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവര്‍ത്തനം. ഇ- പോസ് സംവിധാനം തകരാറിലായതിനാലായിരുന്നു ഇത്.
പക്ഷെ തകരാര്‍ പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സമയക്രമം മൂലം മാസാവസാനം റേഷന്‍ കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേര്‍ക്ക് റേഷന്‍ ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.