ഇന്ത്യക്കാരനെ ഓസ്ട്രേലിയൻ പൊലീസ് വെടിവച്ചു കൊന്നു, വധിക്കപ്പെട്ടത് അക്രമത്തിന് മുതിർന്ന മുപ്പത്തിരണ്ടുകാരനായ പ്രവാസി
കാൻബെറ : ഇന്ത്യക്കാരനെ ഓസ്ട്രേലിയൻ പൊലീസ് ചൊവ്വാഴ്ച വെടിവച്ചു കൊന്നു. സിഡ്നി റെയിൽവേ സ്റ്റേഷനിൽ വച്ച് അക്രമം നടത്തിയ തമിഴ്നാട് സ്വദേശിയാണ് പൊലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദാണ് (32) മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സിഡ്നി റെയിൽവേ സ്റ്റേഷനിൽ ക്ലീനറെ കത്തിയുപയോഗിച്ച് കുത്തിയതിനെ തുടർന്നാണ് പൊലീസ് നടപടിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രിഡ്ജിംഗ് വിസ(താത്കാലിക വിസ)യിലായിരുന്നു സയ്യിദ് അഹമ്മദ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്. ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ച സംഭവം ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവത്തിൽ ഫോറിൻ അഫയേഴ്സ് ആന്റ് ട്രേഡ് ഡിപ്പാർട്ട്മെന്റ്, ന്യൂ സൗത്ത് വെയിൽസ് ഓഫീസ്, സംസ്ഥാന പൊലീസ് അധികാരികൾ എന്നിവരുമായി ആശയവിനിമയം നടത്തുന്നു എന്നാണ് കോൺസുലേറ്റിന്റെ പ്രതികരണം.
സിഡ്നിയിലെ ഓബർൺ സ്റ്റേഷനിലെ ക്ലീനറെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് വെടിവയ്പ്പ് നടത്തിയതെന്നാണ് സിഡ്നി മോർണിംഗ് ഹെറാൾഡ് ദിനപത്രം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഇത് തടയാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരേയും സയ്യിദ് അഹമ്മദ് ആക്രമിക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിൽ രണ്ട് വെടിയുണ്ട സയ്യിദിന്റെ നെഞ്ചിൽ തുളഞ്ഞുകയറിയാണ് മരണം സംഭവിച്ചത്. അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇയാൾ മരണപ്പെട്ടിരുന്നു.
വെടിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.