ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കേടതി പരിഗണിക്കുന്നത് മാറ്റി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒന്നിലും ഇടപെടാന്‍ താല്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. നാളെയാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്.
അവിടെ ചില പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നു. അത് എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കുകയാണ്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. അതായിരിക്കും ഉചിതമായ സമയമെന്നും ജസ്റ്റീസ് എസ്.കെ കൗള്‍, ജസ്റ്റീസ് കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കുകയാണെന്ന് പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതുകൊണ്ടുതന്നെയാണ് ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാമെന്ന് പറഞ്ഞത്. എന്തിനാണ് ഞങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തുന്നത്? എന്നായിരുന്നു കോടതിയുടെ മറുപടി.
അതേസമയം, എന്തുകൊണ്ട് ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും കോടതി ആരാഞ്ഞു. തിങ്കളാഴ്ച ഇതിലെല്ലാം വാദത്തിന് തയ്യാറായി എത്താനായിരുന്നു കോടതി ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്ക് നല്കിയ മറുപടി.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായക ശക്തിയാണ് ഷഹീന്‍ബാഗിലെ സമരങ്ങള്‍. സമരക്കാര്‍ക്ക് നേരെ വെടിവയ്പും നടന്നതോടെ ഏറെ വൈകാരികമായാണ് ഇവിടെ തെരഞ്ഞെടുപ്പിനെ കാണുന്നത്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്.