രക്തമൂലകോശദാന പരിശോധനയ്ക്കെത്തിയത് 3315 പേര്; ലക്ഷ്യം ആദിത്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരല്‍
കലൂർ ലിറ്റിൽഫ്ളവർ ചർച്ച് ഓഡിറ്റോറിയത്തിൽ രക്തമൂലകോശ ദാതാക്കളെ കണ്ടെത്തുന്നതിനുള്ള ക്യാമ്പിൽ രക്തമൂലകോശം ദാനം ചെയ്യുന്നവർ.
കൊച്ചി: ആദിത്യയുടെ മുഖത്ത് പുഞ്ചിരി വിടര്ത്താനെത്തിയത് മൂവായിരത്തിലധികം പേര്. മജ്ജ സംബന്ധിയായ ‘അപ്ലാസ്റ്റിക് അനീമിയ’ എന്ന മാരകരോഗം കാരണം ജീവിതത്തിലെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട 14 വയസ്സുള്ള ആദിത്യ കൃഷ്ണയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാന്‍ ജീവദാതാക്കളായെത്തിയത് 3315 പേരാണ്. എളമക്കര സ്വദേശിയാണ് ആദിത്യ.
ശരീരത്തിനാവശ്യമായ രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാത്ത സാഹചര്യത്തില്‍ രക്തമൂല കോശങ്ങളുടെ മാറ്റിവയ്ക്കലിലൂടെയേ ആദിത്യയെ രക്ഷിക്കാനാകൂ.
ഞായറാഴ്ച കലൂര്‍ ലിറ്റില്‍ഫ്ളവര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴുവരെ സംഘടിപ്പിച്ച രക്തമൂലകോശ ദാതാക്കളെ കണ്ടെത്തുന്നതിനുള്ള ക്യാമ്പിലാണ് രക്തമൂലകോശം ദാനം ചെയ്യുന്നതിനായി മൂവായിരത്തിലധികം പേര് എത്തിയത്.
ജനിതക സാമ്യമുള്ള രക്തമൂലകോശ ദാതാവിനെ തേടുന്നതിനായി രക്തമൂലകോശ ദാതാക്കളുടെ രജിസ്ട്രിയായ ധാത്രി വേള്‍ഡുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. 18-നും 50 വയസ്സിനുമിടയിലുള്ള 3000-ലധികം പേരാണ് രക്തമൂല ദാതാവായി രജിസ്റ്റര്‍ ചെയ്തത്. എളമക്കര ഭവന്‍സ് വിദ്യാമന്ദിറിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിത്യ.
അണുവിമുക്തമായ പഞ്ഞി ഉപയോഗിച്ച് ഉള്കവിളില്നിന്ന് സാംപിള്‍ ശേഖരിച്ചാണ് രക്തമൂലകോശത്തിന്റെ സാമ്യം നോക്കുന്നതിനായുള്ള ടെസ്റ്റ് നടത്തുന്നത്. ഹ്യൂമന്‍ ലൂക്കോസൈറ്റ് ആന്റിജന്‍ (എച്ച്.എല്‍.എ.) എന്ന ടെസ്റ്റാണ് നടത്തുന്നത്. 45 മുതല്‍ 60 ദിവസം വരെ വേണം സാമ്യം നിര്‍ണയിക്കുന്ന എച്ച്.എല്‍.എ. റിപ്പോര്‍ട്ട് തയ്യാറായി രജിസ്ട്രേഷന് പൂര്‍ത്തിയാകാന്‍.
45 ദിവസങ്ങള്‍ക്കു ശേഷമാണ് ലഭിക്കുക. അതിനു ശേഷം മാത്രമേ, ആദിത്യയുടേതുമായി ജനിതക സാമ്യമുള്ള രക്തമൂലകോശ ദാതാവിനെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.
സാമ്യമുള്ള ദാതാവിനെ കണ്ടെത്തിയതിനു ശേഷം വിശദ പരിശോധനയ്ക്കു ശേഷം രക്തത്തിലൂടെ മൂലകോശങ്ങള്‍ വേര്‍തിരിച്ച് ദാനം ചെയ്യും. ലോകമെമ്പാടുമായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 42 മില്യന്‍ സന്നദ്ധ ദാതാക്കളില്‍ ആരുമായി സാമ്യമില്ലാത്തതിനാല്‍ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യത്തിലാണ് രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ധാത്രി വേള്‍ഡുമായി സഹകരിച്ച് ക്യാമ്പ് നടത്തിയത്.
കെ.സി.വൈ.എം., കെ.എല്‍.സി.എ. ഭാരവാഹികള്‍, കളമശ്ശേരി വനിതാ പോളിടെക്നിക് എന്‍.എസ്.എസ്. അംഗങ്ങള്‍, എട്ടുകാട്ട് റസിഡന്റ്സ് അസോസിയേഷന്, ജനക്ഷേമ സമിതി എളമക്കര, കൗണ്‍സിലര്‍മാര്‍, ബി.എസ്.എന്‍.എല്‍. സ്റ്റാഫ് ഉള്‍പ്പെടെ ഹെല്പ് ഡെസ്ക് ക്രമീകരിച്ച് ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരവധി ആളുകള്‍ സജീവമായി.