ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ പശ്ചാത്താപിക്കുന്നു, സര്‍ക്കാരിന് അഹങ്കാരം, ഇനി ഒരു രാഷ്ട്രീയ നേതാവിനും സംഭാവന നല്‍കില്ല, പൊട്ടിത്തെറിച്ച് പ്രവാസി വ്യവസായി, മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: ഇടതുപക്ഷത്തിന് വോട്ട് ചെയ്തതില്‍ ഇന്ന് പശ്ചാത്താപിക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയ നേതാവിനും സംഭാവന നല്‍കില്ലെന്ന് പ്രവാസി വ്യവസായി കെ.ജി എബ്രഹാം. സംസ്ഥാന സര്‍ക്കാരിന് അഹങ്കാരമാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളില്‍ നിന്ന് സ്വരൂപിച്ച ഫണ്ട് അര്‍ഹരില്‍ എത്തിയില്ല. രാഷ്ട്രീയക്കാര്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്. അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ചുമത്തിയത് സര്‍ക്കാരിന്റെ അഹങ്കാരമാണെന്നും അദ്ദേഹം പൊട്ടിത്തെറിയിച്ചു. അതേ സമയം കെ.ജി എബ്രഹാമിനു മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്തെത്തി. എബ്രഹാമിന്റെ വിമര്‍ശനം ഒറ്റപ്പെട്ട സംഭവം മാത്രമാണ്. എങ്കിലും പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടും. ആവശ്യമെങ്കില്‍ പാര്‍ട്ടിയും ഇടപെടും. പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം നല്‍കും. കേരളത്തില്‍ ഒന്നരലക്ഷം പുതിയ നിക്ഷേപങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇനി താന്‍ ഭാവിയില്‍ ഒരു രാഷ്ട്രീയക്കാരനും ഒന്നും കൊടുക്കില്ല. നമ്മളെ ചൂഷണം ചെയ്യുകയാണ്. എന്റെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. പ്രവാസികളില്ലെങ്കില്‍ കേരളം എങ്ങനെ ജീവിക്കും? എന്നിട്ടാണ് ചൂഷണം. ഒരു വീട് അധികം ഉണ്ടെങ്കില്‍ അധിക നികുതി ഏര്‍പ്പെടുത്തുന്നു. എന്നിട്ട് ഇവരോരുരുത്തനും പിരിക്കാനും നമ്മളെ കൊണപ്പെടുത്താനും എന്ന് പറഞ്ഞിട്ട് ഇവിടെ വരുന്നു. എന്തൊരു അഹങ്കാരമാണിത്. ഗള്ഫുകാരെയല്ലാതെ മറ്റാരെയും ഇവര്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയില്ല,’ എന്നായിരുന്നു കെ.ജി എബ്രഹാം വൈകാരികമായി പ്രതികരിച്ചത്.