മിയാപ്പദവില് തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്ത കേസ്; മുഖ്യപ്രതിയെത്തേടി പോലീസ് കർണാടകയിൽ
മഞ്ചേശ്വരം: മിയാപ്പദവില് തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യപ്രതിക്കായുള്ള അന്വേഷണം കർണാടകയിലേക്കും. കേസിൽ നാലുപേരെയാണ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. ആറംഗ ഗുണ്ടാസംഘത്തിന്റെ നേതാവായ മിയാപ്പദവിലെ റഹീം (25), ഉപ്പള പത്വാടിയിലെ പല്ലൻ സിദ്ദിഖ് എന്ന സിദ്ദിഖ് (25) എന്നിവരെയാണ് പിടിക്കാനുള്ളത്. ഇവർ ചെല്ലാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാപ്പ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയയാളാണ് റഹീം. മറ്റുള്ളവർ നേരത്തേ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. അതിനാൽ ഇവർക്കെതിരെ കാപ്പ ചുമത്തുമെന്നാണ് സൂചന.
ബുധനാഴ്ച വൈകിട്ട് ആറിനാണ് തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തത്. ലോറിഡ്രൈവർമാരുടെ കൈയിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണുകളും സംഘം കവർന്നിരുന്നു. നാല് പ്രതികളെ പിടിക്കാനായെങ്കിലും പണവും മൊബൈലും കിട്ടിയിട്ടില്ല. പിടിയിലായവരിൽനിന്ന് തോക്കും തിരകളും കണ്ടെടുത്തിരുന്നു. കേസിൽ കുരുടപ്പദവിലെ ഹൈദരലി (28), ഉപ്പള കളായിയിലെ സയാഫ് (22), മുംബൈ നാസിക് മുകുന്ദനഗർ സ്വദേശി രാകേഷ് കിഷോർ (30), കുളൂർ ചിഗുർപദവിലെ മുഹമ്മദ് സഫ്വാൻ (28) എന്നിവർ റിമാൻഡിലാണ്.