മാരത്തണ്‍ ചര്‍ച്ചകള്‍: മുസ്ലിംലീഗ്–സമസ്ത തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു
മലപ്പുറം∙ കാലങ്ങളായി തുടരുന്ന മുസ്ലിം ലീഗ് – സമസ്ത തർക്കത്തിൽ മഞ്ഞുരുകുന്നു. ലീഗ് – സമസ്ത നേതൃത്വങ്ങൾ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണു സമസ്തയുടെ നിലപാടിൽ അയവു വന്നത്. വിവിധ തലങ്ങളിൽ നടന്ന കൂടിയാലോചനകൾക്കു ശേഷമാണ് ഹക്കീം ഫൈസി ആദ്യശ്ശേരിയുടെ വിഷയം ചർച്ച ചെയ്യാൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ സമസ്ത നേതൃത്വം പാണക്കാടെത്തിയത്.
സമസ്തയും ലീഗുമായി കഴിഞ്ഞ കുറെ കാലങ്ങളായി തുടരുന്ന അസ്വാരസ്യങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന് സിഐസിയുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു. മുസ്ലിം ലീഗും പാണക്കാട് കുടുംബവും ഹക്കീം ഫൈസിയെ സഹായിക്കുന്നുവെന്ന തോന്നലും സമസ്തയ്ക്ക് അനിഷ്ടമുണ്ടാക്കി. ലീഗിനോടു പലപ്പോഴും സമസ്ത അകൽച്ച കാണിക്കുന്നതിന്റെ മൂലകാരണവും സിഐസിയിലെ പ്രശ്നങ്ങളായിരുന്നു. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ വസതിയിലടക്കം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ലീഗ് നേതൃത്വം പലവട്ടം നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഫോർമുല രൂപപ്പെട്ടത്.
ഹക്കീം ഫൈസി ആദ്യശ്ശേരിയുടെ രാജി വാങ്ങിയതിനു പിന്നാലെയുണ്ടായ കൂട്ട രാജിയിലടക്കം തീരുമാനം എടുക്കാൻ ജിഫ്രി തങ്ങളും കെ. ആലിക്കുട്ടി മുസലിയാരും ഇടവേളയ്ക്കുശേഷം ഇന്നലെ പാണക്കാടെത്തി അടിയന്തര യോഗത്തിനു തയാറായതും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. തുടർന്ന് സിഐസിയിലെ പ്രശ്നങ്ങൾക്കു യുക്തമായ തീരുമാനം എടുക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയതും മഞ്ഞുരുകലിന്റെ സൂചനയാണ്.
സമസ്തയുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കണമെന്നത് ലീഗിനുള്ളിലെ കാലങ്ങളായുള്ള വികാരമാണ്. ലീഗും സമസ്തയുമായി അസ്വാരസ്യങ്ങളുണ്ടായാൽ അത് ഇടതുപക്ഷം മുതലെടുക്കുന്നതും ലീഗിന് വെല്ലുവിളിയായിരുന്നു.