ദർഗയ്ക്ക് നേരെ പടക്കം പൊട്ടിച്ച് ഹിന്ദു സംഘം; ഒപ്പം ‘ജയ് ശ്രീറാം’ വിളികളും ആഘോഷവും
മുംബയ്: മഹാരാഷ്ട്രയിൽ ദർഗയ്ക്ക് നേരെ പടക്കം പൊട്ടിച്ച് ഹിന്ദു സംഘത്തിന്റെ ആഘോഷം. വിശാൽഗസിലെ കൊൽഹാപൂരിലുള്ള ഹസ്രത്ത് മാലിക് റിഹാൻ ദർഗയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് സംഭവം നടന്നത്. എന്നാൽ ഇപ്പോഴാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.കാവി തൊപ്പിയും ഷാളും ധരിച്ച ഒരാൾ ദർഗയുടെ ഗേറ്റിന് നേരെ റോക്കറ്റ് പടക്കം വച്ച് കത്തിച്ചുവിടുന്നത് വീഡിയോയിൽ കാണാം. റോക്കറ്റ് കത്തിക്കുന്നതിന് മുൻപ് ‘ജയ് ശ്രീറാം’ എന്നും പറയുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് ഈ സംഭവം നടക്കുന്നത്. റോക്കറ്റ് ദർഗയ്ക്കകത്തെത്തി പൊട്ടിത്തെറിക്കുന്നത് കണ്ട് നൂറുകണക്കിനുപേർ ആരവം മുഴക്കുന്നതും കേൾക്കാം.കാവിക്കൊടികൾ ഉയർത്തുന്നതും വീഡിയോയിൽ ഉണ്ട്. സംഭവത്തിന്റെ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രശ്തമായ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് വിശാൽഗഡിലെ ഹസ്രത്ത് മാലിക് റിഹാൻ ദർഗ. ദിവസവും നൂറുകണക്കിന് വിശ്വാസികളാണ് ഇവിടെയെത്തുന്നത്.