ധൈര്യമുണ്ടെങ്കിൽ വെടിവയ്ക്കാൻ അമ്മാവനെ വെല്ലുവിളിച്ചു; സ്വകാര്യ ഭാഗത്ത് വെടിയേറ്റ് മരുമകൻ ആശുപത്രിയിൽ
അജ്മീർ: വസ്തുതർക്കത്തെ തുടർന്ന് അമ്മാവന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. രാജസ്ഥാനിലെ അജ്മീറിൽ ആണ് സംഭവം. ഭാഗ എന്നയാളാണ് വെടിവച്ചത്. ഇയാളുടെ മരുമകനായ ഹമീദ് എന്നയാൾക്കാണ് വെടിയേറ്റത്. ധൈര്യമുണ്ടെങ്കിൽ വെടിവയ്ക്കാൻ യുവാവ് വെല്ലുവിളിച്ചതിന്റെ പിന്നാലെയാണ്, തോക്കുമായി വന്ന അമ്മാവൻ വെടിയുതിർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.വ്യാഴാഴ്ചയായിരുന്നു സംഭവം. ഹമീദിന്റെ വസ്തുവിൽ നിന്ന് ഭാഗ സമ്മതമില്ലാതെ മണ്ണ് നീക്കം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. കൈയിൽ ഉണ്ടായിരുന്ന തോക്ക് ചൂണ്ടി ഭാഗ നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്. ഇരുവരും തർക്കത്തിൽ ഏർപ്പെടുന്നതും പിന്നീട് കാണാം. ഇതിനിടെ ധൈര്യമുണ്ടെങ്കിൽ വെടിയുതിർക്കൂ എന്ന് ഹമീദ് ഭാഗയെ വെല്ലുവിളിച്ചു. എന്നാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഹമീദിന്റെ സ്വകാര്യ ഭാഗത്താണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്.ഹമീദിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ ഹമീദ് തന്നെയായിരുന്നു വീഡിയോ പകർത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.