9–ാം ക്ലാസുകാരിയുടെ കയ്യിൽ ബ്ലേഡ്കൊണ്ട് വര, കാമുകൻ കൈവിട്ട സങ്കടമെന്ന് മറുപടി; ലഹരിയുടെ ഇൻസ്റ്റഗ്രാം വല
ലഹരിമരുന്ന് കാരിയറായി തന്നെ ഉപയോഗിക്കുന്നുവെന്ന ഒൻപതാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇടപാടുകളെല്ലാം. ഏഴാം ക്ലാസ് മുതൽ ലഹരിമാഫിയയുടെ കെണിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി പറയുന്ന ഈ വാക്കുകൾ കേരളം കേൾക്കേണ്ടതാണ്…
ഏഴാംക്ലാസു മുതൽ എംഡിഎംഎ (മെത്തലീൻ ഡയോക്സി മെത് ആംഫറ്റമൈൻ) ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നും ലഹരി സംഘം തന്നെ കാരിയറായി ഉപയോഗിക്കുകയാണെന്നുമാണ് കോഴിക്കോട്ടെ ഒൻപതാം ക്ലാസുകാരി വെളിപ്പെടുത്തിയത്. റോയൽ ഡ്രഗ്സ് എന്ന ഇൻസ്റ്റഗ്രാം ഐഡി വഴി പരിചയപ്പെട്ടവരാണ് ലഹരിക്കെണിയിലകപ്പെടുത്തിയതെന്ന വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കുട്ടി പഠിച്ചിരുന്ന സ്കൂളിലെ പൂർവ വിദ്യാർഥി കൂടിയായ സുഹൃത്ത് കുറ്റിക്കാട്ടൂർ സ്വദേശി ബോണിയെ അറസ്റ്റ് ചെയ്തു. ഇയാളെ മുൻപും ലഹരിവിൽപനയ്ക്ക് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കു വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് കുട്ടി പൊലീസിനോടു വെളിപ്പെടുത്തിയ എല്ലാവരെയും ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിലേ എംഡിഎംഎ എന്ന മാരക ലഹരിയുടെ കെണിയിൽ പെട്ട് ശരീരവും മനസ്സും തളർന്ന പെൺകുട്ടി ഇപ്പോൾ ലഹരിവിമോചന കേന്ദ്രത്തിലാണ്. മാരക ലഹരിമരുന്നിന്റെയും അതിനേക്കാൾ മാരകമായ ലഹരി സംഘത്തിന്റെയും പിടിയിൽനിന്നും രക്ഷപ്പെടാനുള്ള തീവ്ര ശ്രമത്തിനിടെ അവൾ ‘മനോരമ’യോട് സംസാരിക്കുന്നു.