ഈസ്റ്ററിന് മത്സ്യമാംസാദികൾക്കൊപ്പം മൊബൈലും സീരിയലുകളും ഉപേക്ഷിക്കണം’; ആഹ്വാനവുമായി കോതമംഗലം രൂപത
കൊച്ചി: ഈസ്റ്ററിന് ഡിജിറ്റൽ നോമ്പാചരണത്തിന് ആഹ്വാനവുമായി കോതമംഗലം രൂപത. നോമ്പിന് മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം ഇത്തവണം മൊബൈൽ ഫോണും സീരിയലും ഉപേക്ഷിക്കണമെന്ന് രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. തലമുറകൾ മാറുമ്പോൾ പഴയരീതികൾ മാത്രം പിന്തുടർന്നാൽ പോരെന്നും നോമ്പും കാലികപ്രസക്തമാക്കണമെന്ന് വ്യക്തമാക്കിയാണ് രൂപതയുടെ നിർദ്ദേശം.ഏറെ ഇഷ്ടമുള്ള കാര്യങ്ങൾ ഒഴിവാക്കി ആശാനിഗ്രഹത്തിലൂടെയുള്ള പരിത്യാഗംകൂടിയാണ് നോമ്പാചരണം. നിലവിൽ അൻപത് ദിവസം നീളുന്ന വലിയനോമ്പ് ആചരിക്കുകയാണ് വിശ്വാസിസമൂഹം. ഈ സമയം മൊബൈലിന്റെയും സീരിയലിന്റെയും ഇഷ്ടം കുറയ്ക്കാൻ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാണ് ബിഷപ്പ് ജോർജ് മഠത്തികണ്ടത്തിൽ ആവശ്യപ്പെട്ടത്. കുടുംബങ്ങളുടെയും നാടിന്റെയും നന്മയ്ക്ക് അനുഗ്രഹീതമാകും ഈ നോമ്പെന്നും വിശ്വാസികൾക്കുള്ള സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.