ഒന്നര വർഷത്തിന് ശേഷം ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടറെ ലഭിച്ചു; ഡോക്ടർ കെ ജെ റീനയെ നിയമിച്ച് സർക്കാർ
തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വർഷമായി ഒഴിഞ്ഞുകിടക്കുന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല ഇനിമുതൽ അഡീഷണൽ ഡയറക്ടർ ഡോ.കെ.ജെ റീനയ്ക്ക്. ഡോ.കെ.ജെ റീനയെ പുതിയ ആരോഗ്യവകുപ്പ് ഡയറക്ടറായി സർക്കാർ നിയമിച്ചു. പുതിയ ഡയറക്ടറെ നിയമിക്കുന്നതിന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും ഉദ്യോഗസ്ഥ ഭരണപരിഷ്കരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവരുടെ പാനലിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡോ.കെ.ജെ റീനയെ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്.ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് സ്ഥിരം ഡയറക്ടറില്ലാത്തതിനാൽ പ്രയാസം നേരിട്ടിരുന്നു. 2021 ഏപ്രിലിൽ അന്ന് ഡി.എച്ച്.എസ് ആയിരുന്ന ഡോ.സരിത വിരമിച്ചു. തുടർന്ന് ഡോ.രമേശനെ നിയമിച്ചു. അദ്ദേഹം രണ്ട് മാസത്തിനകം ഒഴിഞ്ഞു. ഇതോടെ അഡീഷണൽ ഡയറക്ടറായ ഡോ.രാജുവിനായി ചുമതല. തുടർന്ന് ഡോ.പ്രീതയ്ക്ക് ചുമതല നൽകി. എന്നാൽ ഡോ.പ്രീത വിആർഎസിന് അപേക്ഷ നൽകിയതോടെയാണ് സമിതി രൂപീകരിച്ച് ഒരാളെ കണ്ടെത്തുകയായിരുന്നു.