മുറിയിലിരുന്നു മുദ്രാവാക്യം വിളിച്ചു; മുറിപൂട്ടി പ്രിൻസിപ്പൽ പുറത്തിറങ്ങി: പോരടിച്ച് പ്രിൻസിപ്പലും വിദ്യാർഥികളും
കാസർകോട് ∙ കുടിവെള്ള പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ സർവ്വകക്ഷി യോഗം ചേരാനിരിക്കെയാണ് ഗവ. കോളജ് പ്രിൻസിപ്പൽ എം.രമയെ മാറ്റിയത്. കോളജിൽ വിതരണം ചെയ്യുന്നത് ചെളി നിറഞ്ഞ വെള്ളമാണെന്ന പരാതി ബോധിപ്പിക്കാൻ വിദ്യാർഥികൾ തിങ്കളാഴ്ച പ്രിൻസിപ്പലിനെ കാണാനെത്തിയപ്പോൾ പൂട്ടിയിട്ടുവെന്നാണു എസ്എഫ്ഐ പ്രവർത്തകരുടെ പരാതി. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പിൽ മറുപടി നൽകിയെങ്കിലും ഉചിതമായ തീരുമാനം ഉണ്ടാകാതെ പിരിഞ്ഞു പോകില്ലെന്നു പറഞ്ഞു സമരക്കാർ പ്രിൻസിപ്പിൽ മുറിയിലിരുന്നു മുദ്രാവാക്യം വിളിച്ചപ്പോഴാണു ചേംബർ പൂട്ടി പ്രിൻസിപ്പിൽ പുറത്തിറങ്ങിയത്.
പിന്നീട് പ്രതിഷേധം ശക്തമായതോടെ ഏറെ സമയത്തിനു ശേഷം മുറി തുറന്നു കൊടുത്തു. ചൊവ്വാഴ്ച ഇതേ ആവശ്യവുമായി പ്രതിഷേധക്കാർ വീണ്ടും പ്രിൻസിപ്പലിനെ കാണാനെത്തിയപ്പോൾ അസഭ്യമായി പെരുമാറിയതായും ഇരുന്നു സംസാരിക്കാൻ അനുവദിച്ചില്ലെന്നും സമരക്കാർ ആരോപിച്ചു. കുടിവെള്ളം പരിശോധിക്കാനായി ലാബിലേക്ക് അയയ്ക്കുമെന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണു അന്നത്തെ പ്രതിഷേധം അവസാനിച്ചത്
പ്രിൻസിപ്പലിനെ തടഞ്ഞു, ഉന്തും തള്ളും
പ്രിൻസിപ്പലിനെതിരെ പരാതി നൽകി രണ്ടാം ദിവസവും നടപടിയില്ലാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. വിദ്യാർഥി വിരുദ്ധ ഏകാധിപത്യ നടപടി സ്വീകരിക്കുന്ന പ്രിൻസിപ്പൽ രാജിവയ്ക്കുക എന്നു ആവശ്യപ്പെട്ടാണ് ഇന്നലെ സമരം തുടങ്ങിയത്. ഉച്ചയ്ക്ക് 1.30ന് മുറിയിൽ നിന്ന് പ്രിൻസിപ്പൽ പുറത്തു പോകാനിറങ്ങിയപ്പോൾ വിദ്യാർഥികൾ തടഞ്ഞു. തുടർന്ന് പൊലീസ് ഒരുക്കിയ സംരക്ഷണ വലയത്തിൽ പുറത്തേക്കു പോകാനുള്ള ശ്രമവും വിദ്യാർഥികൾ അനുവദിച്ചില്ല. 20 മിനിറ്റോളം ഉന്തും തള്ളുമുണ്ടായി.