പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റിൽ
തൊടുപുഴ: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഫോർട്ട് കൊച്ചി പണയപ്പിള്ളി മുല്ലശ്ശേരി ഷാജഹാനെയാണ് (23) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രി വെങ്ങല്ലൂർ-കോലാനി ബൈപ്പാസിലാണ് സംഭവം. ഷാജഹാനും നിയമ വിദ്യാർഥിനിയായ പെൺകുട്ടിയുമായി മുൻപ് വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലായ ഷാജഹാൻ വിവാഹത്തിൽനിന്ന് പിൻമാറി. ഫോർട്ട് കൊച്ചി സ്വദേശിനിയായ പെൺകുട്ടി തൊടുപുഴയിൽ പഠനവുമായി മുന്നോട്ടു പോയി. ഇതിനിടെ ഒരുകല്യാണ വീട്ടിൽ വെച്ച് ഷാജഹാൻ വീണ്ടും പെൺകുട്ടിയെ കണ്ടു. പ്രണയാഭ്യർഥന നടത്തി. പെൺകുട്ടി നിരസിച്ചു.
ബുധനാഴ്ച രാത്രി തൊടുപുഴയിലെത്തിയ ഷാജഹാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കോലാനി ബൈപാസിലെ കടയുടെ സമീപത്തേക്ക് വരുത്തി. വീണ്ടും വിവാഹാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചു. തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി പെൺകുട്ടിയുടെ കഴുത്തിൽ അമർത്തി വധഭീഷണി മുഴക്കുകയായിരുന്നു.
പരിശോധിക്കാനെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ഫോണും പിടിച്ചുവാങ്ങി ഇയാൾ സ്ഥലംവിട്ടു.
രാത്രിതന്നെ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടോടെ ഇയാളെ തൃപ്പൂണിത്തുറയിൽനിന്ന് പിടികൂടി. പെൺകുട്ടിയുടെ ഫോണും കണ്ടെത്തി.
സി.ഐ. വി.സി.വിഷ്ണുകുമാർ, എസ്.ഐ. സലിം, ഡിവൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. ഷംസുദ്ദീൻ, എ.എസ്.ഐ. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരെ മട്ടാഞ്ചേരിയിൽ വധശ്രമക്കേസും കഞ്ചാവ് കേസുമുണ്ട്. വധശ്രമക്കേസിൽ റിമാൻഡിലായിരുന്നു.