രാജധാനി എക്സ്പ്രസിൽ ബോംബുണ്ടെന്ന് ഭീഷണി സന്ദേശം നൽകി; പരിശോധനയ്ക്ക് നിർത്തിയിട്ടതിന് പിന്നാലെ ട്രെയിനിൽ കയറിയ യുവാവ് പിടിയിൽ
ഷൊർണൂർ: രാജധാനി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം നൽകിയയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശിയായ മാർബിൾ വ്യാപാരി ജയ്സിംഗാണ് ഷൊർണൂരിൽ പിടിയിലായത്. കച്ചവടക്കാര്യത്തിന് കേരളത്തിലെത്തിയ ഇയാൾക്ക് തിരികെ നാട്ടിലേക്ക് പോകാൻ എറണാകുളത്ത് നിന്നും പുറപ്പെടുന്ന രാജധാനി എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.എന്നാൽ സമയത്ത് ട്രെയിനിൽ കയറാൻ കഴിയാതെ വന്നു. ഇയാൾ സ്റ്റേഷനിലെത്തിയപ്പോഴേക്കും ട്രെയിൻ യാത്ര പുറപ്പെട്ടു. തുടർന്ന് തൃശൂരിൽ റെയിൽവെ കൺട്രോൾ റൂമിൽ വിളിച്ച് ട്രെയിനിൽ ബോംബുവച്ചതായി വ്യാജസന്ദേശം നൽകി.
ഫോൺ വിളിച്ചശേഷം തൃശൂരിൽ ട്രെയിൻ പിടിച്ചിടുമെന്ന് കണക്കുകൂട്ടി ബസിൽ യാത്രപുറപ്പെട്ടു. എന്നാൽ ട്രെയിൻ ഷൊർണൂരാണ് നിർത്തിയിട്ടത്. ഇതോടെ തൃശൂരിൽ നിന്നും ഓട്ടോയിൽ ഷൊർണൂരെത്തിയ ഇയാൾ ബോംബ്സ്ക്വാഡ് ട്രെയിനിൽ പരിശോധന നടത്തുന്നതിനിടെ പ്രശ്നമൊന്നുമില്ലാതെ ട്രെയിനിൽ കയറി. ഇതുകണ്ട റെയിൽവെ സുരക്ഷാ സേന അധികൃതർക്ക് സംശയം തോന്നി. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജയ്സിംഗ് എറണാകുളത്ത് നിന്നുമുള്ള തന്റെ ടിക്കറ്റാണ് കാണിച്ചത്.
തുടർന്ന് വിശദപരിശോധന നടത്തിയപ്പോൾ ഇയാളിൽ നിന്നും ഭീഷണിക്കായി ഉപയോഗിച്ച ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിൽ കണ്ടെത്തി. ചോദ്യം ചെയ്യലിൽ വ്യാജ ബോംബ്ഭീഷണിക്ക് പിന്നിൽ തന്റെ ബന്ധുവാണെന്ന് പറഞ്ഞശേഷം പിന്നീട് കുറ്റം സ്വയമേറ്റു. ഇതോടെ ഏതാണ്ട് മൂന്ന് മണിക്കൂർ വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.