മറ്റുള്ളവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ തക്കം നോക്കി സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു; സംഭവം കെ എസ് ആർ ടി സി ബസിൽ
ബംഗളൂരു: സഹയാത്രക്കാരിയുടെ സീറ്റിൽ മൂത്രമൊഴിച്ച് 32കാരൻ. കർണാടകയിലെ ഹൂബ്ലി ജില്ലയിലാണ് സംഭവം. വിജയ്പുരയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കർണാടകയുടെ സ്റ്റേറ്റ് ബസിന്റെ സീറ്റിലാണ് മദ്യപിച്ചെത്തിയ യുവാവ് മൂത്രമൊഴിച്ചത്.ഭക്ഷണം കഴിക്കാനായി ഹോട്ടലിന് മുന്നിൽ ബസ് നിർത്തിയപ്പോഴായിരുന്നു സംഭവം. എല്ലാവരും ഇറങ്ങിയ തക്കം നോക്കി യുവാവ് സീറ്റിൽ മൂത്രമൊഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് മടങ്ങിയ യുവതി സീറ്റിന് സമീപം മൂത്രം കണ്ടതിനെ തുടർന്ന് ഡ്രൈവറോടും കണ്ടക്ടറോടും പരാതിപ്പെട്ടു. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ ചോദ്യം ചെയ്തു. യുവതിയോടും ബസ് ജീവനക്കാരോടും മോശമായി പെരുമാറിയ യുവാവിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഇയാളെ ബസിൽ നിന്ന് ഇറക്കി വിട്ടു.ശേഷം കണ്ടക്ടറും ഡ്രൈവറും ചേർന്ന് സീറ്റ് വൃത്തിയാക്കുകയും യുവതിക്ക് സീറ്റ് മാറ്റി നൽകുകയും ചെയ്തു. പൊലീസിൽ പരാതിപ്പെടാൻ ബസ് ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും യുവതി അതിന് തയ്യാറായില്ല.