രണ്ട് മാസം കൊണ്ട് സന്ദര്‍ശിച്ചത് 5.15 ലക്ഷം ആളുകള്‍; റെക്കോര്‍ഡ് നേട്ടത്തിലേക്ക് കൊച്ചി ബിനാലെ
കൊച്ചി മുസിരിസ് ബിനാലെയിൽ നിന്ന്
പാതിവഴി താണ്ടുമ്പോള്‍ കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പ് സന്ദര്‍ശിച്ചത് 5.15 ലക്ഷത്തില്‍പരം ആളുകള്‍. ഈ മാസം 22ലെ കണക്കുകള്‍ പ്രകാരമാണിത്. ദിവസങ്ങള്‍ക്കകം കൊച്ചി ബിനാലെ സന്ദര്‍ശകരുടെ എണ്ണം റെക്കോഡ് പിന്നിടുമെന്നാണ് തിരക്ക് വ്യക്തമാക്കുന്നത്. കഴിഞ്ഞ ബിനാലെ കാണാനെത്തിയത് ഇക്കാലയളവില്‍ ആറുലക്ഷം പേരായിരുന്നു.
ഡിസംബര്‍ 23ന് ആരംഭിച്ച ബിനാലെ ഏപ്രില്‍ 10നാണ് സമാപിക്കുന്നത്. പ്രവേശനം രാവിലെ പത്തുമുതല്‍ ഏഴുവരെ. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിര്‍ന്ന പൗരന്മാര്ക്ക് 100 രൂപയും വിദ്യാര്‍ഥികള്‍ക്ക് 50 രൂപയുമാണ്.
ബിനാലെ വേദികളില്‍ നടക്കുന്ന കലാപരിപാടികളും സംവാദങ്ങളും ശില്‍പ്പശാലകളും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. സ്കൂള്‍ കുട്ടികള്‍ മുതല്‍ സാധാരണക്കാരും കലാകാരന്മാരും മന്ത്രിമാരും ഉള്‍പ്പടെ എല്ലാ മേഖലയില്‍ നിന്നുള്ളവരും ബിനാലെ കാണാനായി എത്തുന്നുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാണികളും ബിനാലെയുടെ ഭാഗമാവുന്നുണ്ട്. കൊച്ചി ബിനാലെ കാണാനായി മാത്രം ഈ സമയത്ത് ഇന്ത്യ സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണവും കുറവല്ല.