ഛത്തീസ്ഗഡിൽ പിക്കപ് വാനും ലോറിയും കൂട്ടിയിടിച്ച് 11 പേർ മരിച്ചു, അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നാല് കുട്ടികളും
റായ്പൂർ: ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ 11 മരണം. ബലോദബസാർ-ഭട്ടാപാര ജില്ലയിലാണ് സംഭവം. ഒരുകുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന പിക്കപ് വാനിലേക്ക് ലോറിവന്ന് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം. മരിച്ചവരിൽ നാലുപേർ കുട്ടികളാണെന്ന് പൊലീസ് അറിയിച്ചു.ഖമാരിയ ഗ്രാമത്തിന് സമീപം രാത്രിയുണ്ടായ ഈ അപകടത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഖിലോര ഗ്രാമവാസികളാണ് അപകടത്തിൽപെട്ടവരെല്ലാം. ഒരു കുടുംബചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരവെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.