ബൈക്കപകടം; മലപ്പുറത്ത് റോഡില്‍ക്കിടന്നയാളെ ആശുപത്രിയിലെത്തിക്കാന്‍ മടിച്ചു, യുവാവ് മരിച്ചു
വളാഞ്ചേരി: വട്ടപ്പാറ ബുധനാഴ്ച രാത്രിയും നെഞ്ചുപിളർക്കുന്ന ഒരപകടമരണത്തിന് സാക്ഷിയായി. കോഴിക്കോട് വടകര സ്വദേശി പുത്തലത്ത് വാഴയിൽ നസീമുദ്ദീൻ എന്ന മുപ്പത്തിയഞ്ചുകാരനാണ് മരിച്ചത്. അപകടത്തിൽപ്പെട്ടിട്ടും ഉടനെ ആശുപത്രിയിലെത്തിക്കാൻ കഴിയാഞ്ഞതാണ് മരണത്തിന് കാരണം.
അപകടം കണ്ട് ഒാടിക്കൂടിയവർ ആശുപത്രിയിലെത്തിക്കാനായി വരുന്ന വാഹനങ്ങൾക്ക് കൈകാട്ടിയെങ്കിലും ആരും നിർത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ ആംബുലൻസെത്തി നടക്കാവിൽ ആശുപത്രിയിലേക്കെത്തിച്ചപ്പോഴേക്കും നസീമുദ്ദീൻ മരിച്ചിരുന്നു.
രാത്രി പത്തരയോടെ വട്ടപ്പാറ മുകളിൽ പഴയ സി.ഐ. ഓഫീസിനു സമീപത്താണ് ബൈക്കപകടമുണ്ടായത്. വയർ പിളർന്ന് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ പത്ത് മിനിറ്റിലേറെയാണ് ഇയാൾക്ക് റോഡിൽ കിടക്കേണ്ടിവന്നത്. തുണിത്തരങ്ങൾ കച്ചവടം നടത്തുന്ന നസീമുദ്ദീൻ കുന്ദമംഗലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.