ഇന്തോനേഷ്യൻ ദ്വീപിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി
ജക്കാർത്ത: ഇന്തോനേഷ്യയിലെ ഹൽമഹേര ദ്വീപുകളിൽ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൽമഹേര ദ്വീപുകൾക്ക് വടക്കായി വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ സി എസ്) അറിയിച്ചു. ഭൂമിക്കടിയിൽ 99 കിലോമീറ്റർ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലർച്ചെ 1:32ഓടെയാണ് ചലനം അനുഭവപ്പെട്ടത്.രണ്ട് ദിവസങ്ങൾക്ക് മുൻപ് ജമ്മു കാശ്മീരിൽ 3.4 തീവ്രതയേറിയ നേരിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. തുർക്കിയിലും സിറിയയിലുമായി ഫെബ്രുവരി ആറിന് ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 43,556 ആണെന്ന് തുർക്കിയിലെ ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്ലു കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 7930 തുടർചലനങ്ങളും ഇവിടെ അനുഭവപ്പെട്ടു. ആറ് ലക്ഷം അപ്പാർട്ടുമെന്റുകളും ഒന്നരലക്ഷം വ്യാപാരകേന്ദ്രങ്ങളും തുർക്കിയിൽ നാമാവശേഷമായി.