ഇടത് ചേരാത്ത വാഹനങ്ങള്‍ക്ക് പിഴയിട്ട് എം.വി.ഡി; ഒന്നാം ദിനം കുടുങ്ങിയത് 99 വാഹനങ്ങള്‍
വാളയാര്‍ മുതല്‍ വാണിയമ്പാറ വരെയുള്ള നാലുവരി, ആറുവരി ദേശീയപാതകളില്‍ ലെയ്ന്‍ ട്രാഫിക് നിയമം കര്‍ശനമാക്കി മോട്ടോര്‍വാഹനവകുപ്പ്. നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ നടക്കുന്ന പ്രത്യേക പരിശോധനയില്‍ ആദ്യദിനം കുടുങ്ങിയത് 99 വാഹനങ്ങള്‍.
ഡ്രൈവര്‍മാരില്‍നിന്ന് പിഴ ഈടാക്കി താക്കീതുചെയ്തു വിട്ടയച്ചു. മോട്ടോര്‍വാഹന വകുപ്പും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ലെയ്ന്‍ ട്രാഫിക് നിയമം നടപ്പാക്കാന്‍ 2022 ഡിസംബറില്‍ മോട്ടോര്‍വാഹന വകുപ്പ് ബോധവത്കരണം ആരംഭിച്ചിരുന്നു.
ഫെബ്രുവരി ഒന്നുമുതല്‍ പിഴ ഈടാക്കിത്തുടങ്ങിയെങ്കിലും പരിശോധന കര്‍ശനമാക്കിയിരുന്നില്ല. മോട്ടോര്‍വാഹന വകുപ്പ് ആര്.ടി.ഒ. ടി.എം. ജഴ്സണ്‍, എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. എം.കെ. ജയേഷ്കുമാര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുക.
ലെയ്ന്‍ ട്രാഫിക് നിയമം
നാലുവരി, ആറുവരി പാതകളില്‍ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്ന് നിഷ്കര്‍ഷിക്കുന്നതാണ് ലെയ്ന്‍ ട്രാഫിക് നിയമം. മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാക്കിലേക്ക് പ്രവേശിക്കാവൂ. മറികടക്കുന്ന സമയത്ത് വലതുട്രാക്കിലേക്ക് കടക്കുകയാണെന്നു സൂചിപ്പിക്കാന്‍ ഇന്‍ഡിക്കേറ്റര്‍ ഇടണം. വാഹനത്തെ മറികടന്ന് വീണ്ടും ഇടതുട്രാക്കിലേക്ക് പ്രവേശിച്ചു യാത്രതുടരണം. ഇടതുട്രാക്കിലേക്കു പ്രവേശിക്കുമ്പോഴും ഇന്‍ഡിക്കേറ്റര്‍ ഇടണം.
കര്‍ശനമാക്കുന്ന മറ്റുനിയമങ്ങള്‍
നാലുവരി, ആറുവരി ദേശീയപാതകളില്‍ ട്രാക്കുകള്‍ ഇടയ്ക്കിടെ മാറിമാറി അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ പിഴയീടാക്കും
സിഗ്നല്‍ ജങ്ഷനുകളില്‍ ചുവപ്പു സിഗ്നല്‍ വകവെക്കാതെ മറികടന്നുപോകുന്നത് പരിശോധിക്കും
കാല്‍നടയാത്രക്കാര്‍ സീബ്രാവരയിലൂടെ റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടെങ്കില്‍ ഇവരെ വകവെക്കാതെ വാഹനമോടിക്കുന്നത് പിടികൂടും
ദേശീയപാതകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതു പിടികൂടും