മാദ്ധ്യമ പ്രവർത്തകനെ ചോദ്യം ചെയ്തത് അപലപനീയം; കെ യു ഡബ്ല്യൂ ജെ
തിരുവനന്തപുരം: വാർത്താ ചർച്ചയ്ക്കിടെയുണ്ടായ ഒരു പരാമർശത്തിന്റെ പേരിൽ ഏഷ്യാനെറ്റിലെ മാദ്ധ്യമ പ്രവർത്തകനായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതിൽ കേരള പത്ര പ്രവർത്തക യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സംഭവം കേരളത്തിൽ മുമ്പുണ്ടാകാത്തതാണ്. മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിജ്ഞാ ബദ്ധമായ സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്. ഈ കേസ് അവസാനിപ്പിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രസ്താവനയിൽ ആവശ്യപെട്ടു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്ത ന്യൂസ് അവറിലെ പരാമര്‍ശത്തിന്റെ പേരിലാണ് വിനുവിനെതിരെ പൊലീസ് കേസെടുത്തത്. പണിമുടക്ക് നടന്ന രണ്ട് ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗത്തും സാധാരണക്കാര്‍ അക്രമിക്കപ്പെട്ടിരുന്നു. ‘നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നു’ എന്ന പരിഹാസമാണ് ട്രേഡ് യൂണിയന് നേതാവായ രാജ്യസഭാ എംപി എളമരം കരീമില്‍ നിന്നുണ്ടായത്. ഇതിനെതിരെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ് ഉണ്ടായത്.എന്നാല്‍ ഇങ്ങനെയൊരു കേസെടുത്ത വിവരം വിനു വി ജോണിനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതേക്കുറിച്ച് മാദ്ധ്യമങ്ങള്‍ക്കും യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങള്‍ക്ക് ശേഷം തന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ വിനു വി ജോണ്‍ അപേക്ഷ നല്കിയ ഘട്ടത്തിലാണ് കേസുള്ള വിവരം അറിയുന്നത്. ഇതിനുപിന്നാലെ കടുത്ത നിബന്ധനകളോട് കൂടിയ നോട്ടീസ് പൊലീസ് വിനു വി ജോണിന് നല്കി. ഈ സാഹചര്യത്തിലാണ് ഇന്ന് വിനു പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്.