ചുംബനം നൽകുന്നത് സന്തോഷം മാത്രമല്ല ആരോഗ്യവും കൂടിയാണ്
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും സ്വാഭാവിക പ്രകടനമാണ് ചുംബനം. സ്ത്രീപുരുഷബന്ധത്തിൽ ചുംബനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിവാഹവാർഷികങ്ങളും പ്രത്യേകദിവസങ്ങളും വരുമ്പോൾ മാത്രമാണോ സ്നേഹം പങ്കിടേണ്ടത്? ജീവിതത്തിൽ സന്തോഷം നിറയ്ക്കാനുള്ള എളുപ്പവഴി കൂടിയാണ് പ്രിയപ്പെട്ടവരെ ചുംബിക്കുക എന്നത്. പതിവായി ചുംബിക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്.
ചുണ്ടുകൾ ചേരുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോൺ പുറത്തു വിടുകയും അത് തലച്ചോറിൽ പ്രതികരണം സൃഷ്ടിക്കുക വഴി നമ്മുടെ മാനസികാവസ്ഥയെ ഉയർത്തുകയും ചെയ്യുന്നു എന്നതാണ് ശാസ്ത്രം. സെറാടോണിൻ, ഡോപമിൻ തുടങ്ങിയ ഹോർമോണുകളും ഉൽപാദിപ്പിക്കപ്പെടുന്നു. സന്തോഷം ഉണ്ടാക്കുന്നതോടൊപ്പം ചെറുപ്പമായി തോന്നിക്കാനും സമ്മർദം അകറ്റാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും എല്ലാം ചുംബനം സഹായിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ബുദ്ധിപരമായ ഉണർവിനും ചുംബനം സഹായിക്കും.
ഉമിനീരിലുള്ള 80 ശതമാനം ബാക്ടീരിയയും എല്ലാവരിലും സാധാരണയുള്ളതാണ്. 20 ശതമാനം മാത്രമാണ് വ്യത്യസ്തമായവ. ആന്റിബോഡികളെ ഉൽപാദിപ്പിക്കാൻ ശരീരത്തെ ഉത്തേജിപ്പിക്കാൻ ചുംബനത്തിനു കഴിയും. ഇത് ഉപദ്രവകാരികളായ അണുബാധകളെ പ്രതിരോധിക്കും.
എന്നാൽ പങ്കാളികളിലാർക്കെങ്കിലും ചുണ്ടുകളിലോ വായയിലോ വ്രണം ഉണ്ടെങ്കിലോ ജലദോഷവും ചുമയും ഉണ്ടെങ്കിലോ ചുംബിക്കരുത്. ഇത് അണുബാധയുണ്ടാക്കാൻ ഇടയാക്കും. രോഗം പകരാൻ കാരണമാകും. വായയുടെ വൃത്തിയില്ലായ്മയും ചുംബനത്തിന് തടസ്സമാണ്. വായയുടെ ശുചിത്വം ഏറെ പ്രധാനമെന്നോർക്കുക.
സ്നേഹം പ്രകടിപ്പിക്കേണ്ടതാണ്. നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നതിലൂടെ ബന്ധങ്ങളെ ഉറപ്പിക്കുക മാത്രമല്ല. മാനസികവും ശാരീരികവുമായ ആരോഗ്യം കൂടിയാണ് കൈവരുന്നത്.