സിഗരറ്റ് വാങ്ങിനല്‍കിയില്ല, യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍
ദേഹമാസകലം കുത്തേറ്റ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചെന്നൈ: സിഗരറ്റ് വാങ്ങി നല്‍കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. സംഭവത്തില്‍ രണ്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു.
എന്നൂരിലെ പലചരക്കു കടയ്ക്കുമുന്നിലാണ് സംഭവം. കാശിമേട് സ്വദേശിയായ പ്രവീണാണ് (29) മരിച്ചത്. സ്വകാര്യസ്ഥാപനത്തില്‍ ജോലിനോക്കുന്ന പ്രവീണ്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി അമ്മയുടെ അടുത്തുപോയി തിരിച്ചുവരുമ്പോള്‍ എന്നൂരിലെ കടയില്‍ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് അക്രമമുണ്ടായത്. എന്നൂര് സ്വദേശികളായ മുജിത് (24), നസീറുള്ള (25) എന്നിവരാണ് അക്രമികളെന്ന് പോലീസ് പറഞ്ഞു.
മദ്യലഹരിയിലായിരുന്ന മുജിത്തും നസീറുള്ളയും പ്രവീണിനോട് സിഗരറ്റ് വാങ്ങി നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രവീണ്‍ അതിനു തയ്യാറായില്ല. സിഗരറ്റ് വാങ്ങാന്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ അവര്‍ പ്രവീണിന്റെ പഴ്സ് തട്ടിപ്പറിച്ചു. ചെറുക്കാന്‍ ശ്രമിച്ച പ്രവീണിനെ കത്തികൊണ്ട് കുത്തി.
ദേഹമാസകലം കുത്തേറ്റ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുജിത്തിനെയും നസീറുള്ളയെയും പോലീസ് അറസ്റ്റുചെയ്തു. ഇരുവരും സ്ഥിരം പ്രശ്നക്കാരാണെന്ന് പോലീസ് പറഞ്ഞു.