പൊലീസ് ജീപ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു;ഡ്രൈവര്‍ക്ക് നിസാര പരുക്ക്
വൈദ്യുതി തൂണ് മറിയാതിരുന്നതും വലിയൊരു ദുരന്തം ഒഴിവായി
വിദ്യാനഗര്‍: പൊലീസ് ജീപ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് കത്തിനശിച്ചു. വാഹനം ഓടിച്ച പൊലീസ് ഉദ്യോഗസ്ഥന് നിസാര പരുക്കേറ്റു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ബൊലേറോ ജീപാണ് വിദ്യാനഗര്‍ – പാറക്കട്ട റോഡില്‍ ഫാമിലി കോടതിക്ക് സമീപം അപകടത്തില്‍ പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനായ ബിജുവിനാണ് പരുക്കേറ്റത്. ജീപ് അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹം ചാടി ഇറങ്ങുകയായിരുന്നു. അന്നേരമുണ്ടായ പരുക്കിനെ തുടര്‍ന്ന് ബിജു കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
നൈറ്റ് പെട്രോളിങ് കഴിഞ്ഞ് എസ്ഐ പ്രശാന്തിനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും താമസ സ്ഥലത്ത് കൊണ്ടുവിട്ട് ജീപ് സ്റ്റേഷനില്‍ പാര്‍ക് ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഈ സമയത്ത് ജീപില്‍ ബിജു മാത്രമാണ് ഉണ്ടായിരുന്നതെന്നതും വൈദ്യുതി തൂണ് മറിയാതിരുന്നതും വലിയൊരു ദുരന്തം ഒഴിവാക്കി. വിവരമറിയിച്ചത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് നിന്ന് ഫയര്‍ ഫോഴ്സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി തീയണച്ചെങ്കിലും ജീപ് പൂര്‍ണമായി കത്തിനശിച്ചിരുന്നു.