വയസ് പതിനെട്ടും പത്തൊമ്പതും, പീഡിപ്പിച്ചത് ആറിലെയും എട്ടിലെയും വിദ്യാർത്ഥിനികളെ, പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴി
അന്തിക്കാട്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ആറും എട്ടും ക്ലാസുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥിനികളെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂർ പുലാമ്പുഴക്കടവിലുള്ള കാട്ടുതിണ്ടിയിൽ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയിൽ വിഷ്ണു (19) എന്നിവരാണ് പിടിയിലായത്.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിദ്യാർത്ഥിനികളെ പ്രതികൾ പുലാമ്പുഴക്കടവിലുള്ള നീരജിന്റെ വീട്ടിൽ കൊണ്ടു വന്ന ശേഷം വ്യത്യസ്ഥ ഇടങ്ങളിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ. ദാസ്, എസ്.ഐ: എ. ഹബീബ്, എ.എസ്.ഐ: അരുൺ, എസ്.സി.പി.ഒ: മുരുകദാസ്, പൊലീസുകാരായ ശ്രീജിത്ത്, അഭിലാഷ്, ജോഫി, സുർജിത്ത്, ഒ.കെ. പൊന്നമ്പിളി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.