പിഞ്ചുകുഞ്ഞിന്റെ ഹൃദയം മൂന്ന് മണിക്കൂർ നിലച്ചു; ജീവൻ തിരിച്ചുപിടിക്കാൻ ആശുപത്രിക്കാരുടെ അറ്റകൈ പ്രയോഗം, ഒടുവിൽ…
ഒട്ടാവ: മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ച 20 മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ തിരികെ നൽകി ആരോഗ്യപ്രവർത്തകർ. കാനഡയിലെ ഒൻറ്റാറിയോയിലാണ് സംഭവം. കഴിഞ്ഞ ജനുവരി 24ന് ഡേകെയറിലെ പൂളിൽ വീണ വായ്ലെൻ സോൺഡേഴ്സ് എന്ന കുഞ്ഞാണ് മരണത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റെത്തിയത്.പൂളിൽ അഞ്ചുമിനിട്ടോളം കിടന്ന കുഞ്ഞിനെ പുറത്തെടുത്തപ്പോൾ തണുത്ത് മരവിച്ച നിലയിലായിരുന്നു. അഗ്നിശമന പ്രവർത്തകരെത്തിയാണ് കുഞ്ഞിനെ ചാർലോറ്റ് എലിനോർ എംഗൽഹാർട്ട് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ ഏകദേശം മുഴുവൻ ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമം വായ്ലെന് ജീവൻ തിരികെ നൽകുകയായിരുന്നു.കുട്ടികളുടെ ആശുപത്രികളിൽ കാണപ്പെടുന്ന ചികിത്സാസൗകര്യങ്ങളോ വിദഗ്ദ്ധരോ ചാർലോറ്റ് ആശുപത്രിയിലില്ലായിരുന്നു. എന്നിരുന്നാലും ആശുപത്രിയിലെ ലാബ് ജീവനക്കാരടക്കം മുഴുവൻ ആരോഗ്യപ്രവർത്തകരും തങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലികൾ പകുതിയ്ക്ക് നിർത്തിവച്ച് വായ്ലെന്റെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഓരോരുത്തരും മാറിമാറി മൂന്ന് മണിക്കൂർ നേരം കുഞ്ഞിന് സി പി ആർ നൽകി.ലണ്ടനിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ പൂർണ പിന്തുണയും ചാർലോറ്റ് ആശുപത്രിയ്ക്ക് ലഭിച്ചു. കൂട്ടായ പ്രവർത്തനമാണ് കുഞ്ഞിനെ രക്ഷിക്കാൻ സഹായിച്ചതെന്ന് ചാർലോറ്റ് ആശുപത്രിയിലെ ഡോ ടെയ്ലർ പറഞ്ഞു. ലാബ് ജീവനക്കാർ ഹീറ്ററുകൾ സജ്ജമാക്കി. കുഞ്ഞിന് ചൂട് നൽകാൻ മൈക്രോവേവ് വെള്ളം എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു നഴ്സുമാർ. ഇത്തരത്തിൽ ആശുപത്രിയിലുണ്ടായിരുന്ന എല്ലാവരും തങ്ങൾക്ക് കഴിയുന്നതുപോലെ പങ്കാളികളായി.ശ്വാസം നിലച്ച് മൂന്നുമണിക്കൂറിനുശേഷം ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ കുഞ്ഞ് ഫെബ്രുവരി ആറിനാണ് ആശുപത്രി വിട്ടത്. പൂർവസ്ഥിതിയിലെത്തിയ വായ്ലെൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.