ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തീഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് ജയില്‍ അധികൃതരുടെ അപേക്ഷ.
പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. പ്രതി പവന്‍കുമാര്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിക്കാത്തതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വധശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇത് സംബന്ധിച്ച്
പ്രതികളുടെ മറുപടിയും കോടതി തേടിയിട്ടുണ്ട്.
അതേസമയം, വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. വധശിക്ഷ വെവ്വേറെ നടത്തണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്. ബാനുമതി അധ്യക്ഷയായ ബെഞ്ച് കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.