പത്താംക്ലാസ് വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചു
കാഞ്ഞങ്ങാട്∙ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ അടിയിലൂടെ മറുഭാഗത്ത് എത്തിയ വിദ്യാർഥിനി സമീപത്തെ പാളത്തിൽ കൂടി കടന്നു വന്ന ട്രെയിൻ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുർഗാ ഹയർ ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായ തമിഴ്നാട് സ്വദേശിനി പവിത്ര (15) ആണ് മരിച്ചത്. സ്കൂൾ വിട്ടു കാഞ്ഞങ്ങാട് കൊവ്വൽ കടിക്കാലിലെ വാടക ക്വട്ടേഴ്സിലേക്ക് പോകുമ്പോഴാണ് അപകടം. ഇന്നലെ വൈകിട്ട് 4.40ന് കൊവ്വൽ എകെജി ക്ലബ്ബിന് മുൻവശത്ത് ആണ് അപകടം നടന്നത്.
ഗുഡ്സ് ട്രെയിൻ മറികടന്ന് അടുത്ത പാളത്തിലേക്ക് കടന്ന കുട്ടിയെ കണ്ട് സമീപത്തുള്ളവർ ബഹളം വച്ചെങ്കിലും പവിത്രയുടെ ശ്രദ്ധയിൽ പെട്ടില്ല. 30 വർഷങ്ങൾക്ക് മുൻപ് തമിഴ്നാട് തേനിയിൽ നിന്നു കാഞ്ഞങ്ങാടേക്ക് വന്നതാണ് പവിത്രയുടെ കുടുംബം. അമ്മ വർഷങ്ങൾക്ക് മുൻപേ ആത്മഹത്യ ചെയ്തു. അച്ഛൻ വീടു വിട്ടു പോയി. പവിത്രയുടെ അമ്മയുടെ അച്ഛൻ രാജപ്പൻ, ഭാര്യ മണിമാള, അമ്മാവൻ അരുണ്‍ എന്നിവരുടെ സംരക്ഷണത്തിലാണ് പവിത്ര കഴിഞ്ഞിരുന്നത്.