വീട് കത്തിയതറിയാതെ ഗൃഹനാഥൻ ഉറങ്ങി, തീപിടിച്ചെന്ന് അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ലക്ഷങ്ങളുടെ നാശനഷ്ടം
ബാലരാമപുരം: വീട്ടിൽ മണിക്കൂറുകളോളം തീ പടർന്നതറിയാതെ ഗൃഹനാഥൻ ഉറങ്ങി. ഇന്നലെ പുലർച്ചെ 3നും രാവിലെ 8നും ഇടയിൽ വെടിവെച്ചാൻകോവിൽ മലവിള റോഡ് തിരുവാതിരയിൽ ഷൈനിന്റെ വീട്ടിലായിരുന്നു സംഭവം. ബാലരാമപുരം പഞ്ചായത്തിലെ ക്ലർക്കായ ഇദ്ദേഹം കലശലായ പനിയെ തുടർന്ന് സംഭവ സമയം വീട്ടിൽ ഉറക്കത്തിലായിരുന്നു.രാവിലെ 8 ഓടെ ഉണർന്നെണീറ്റപ്പോൾ അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുന്നതാണ് കണ്ടത്. ഫ്രിഡ്ജിലെ വയറിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ആയതിനെ തുടർന്ന് തീ പടരുകയായിരുന്നു. ഉടൻ തന്നെ ബക്കറ്റിൽ വെള്ളം ശേഖരിച്ച് തീകെടുത്തുകയായിരുന്നു. തുടർന്ന് പരിസരവാസികളേയും നരുവാമൂട് പൊലീസിനേയും വിവരമറിയിച്ചു. അടുക്കള ഭാഗത്തെ ഫാൻ, വീട്ടുപകരണങ്ങൾ, കബോർഡ്,പാത്രങ്ങൾ എന്നിവയെല്ലാം കത്തിനശിച്ചു.ജില്ലയിൽ നിന്ന് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെത്തി ബാലരാമപുരം ഇലക്ട്രിക്കൽ സെക്ഷൻ സബ് എൻജിനീയർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി. വീട്ടിലെ ഡി.ബി കണക്ഷനിൽ തകരാറില്ലെന്നും ഡി.ബി തുറന്ന് പരിശോധിച്ചതിലും ഇ.എൽ.സി.ബി ട്രിപ്പ് ആകാത്ത നിലയിലും കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡബിൾ ഡോർ ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ചതിന് പിന്നാലെ വീട്ടിലെ മുറികളിലെല്ലാം പുക വ്യാപിച്ച് ഇരുട്ടിലായി. ശീതീകരിച്ച മുറിയിലായിരുന്നു ഷൈൻ കിടന്നിരുന്നത്. മുറി അടച്ചിരുന്നതിനാൽ തീ അവിടേക്ക് വ്യാപിച്ചില്ല. ഭാര്യയും മക്കളും അവരുടെ വീട്ടിലായതിനാൽ വൻ ദുരന്തം ഒഴിവായതായി ഷൈൻ പറഞ്ഞു. വീട്ടുപകരണങ്ങൾ, വയറിംഗ് കണക്ഷൻ, വീട്ടീലെ സാധനങ്ങൾ തുടങ്ങിയ ഉൾപ്പെടെ പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നരുവാമൂട് പൊലീസ് ഷൈനിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഷൈൻ വിലക്ക് വാങ്ങിയ വീട്ടിലായിരുന്നു അത്യാഹിതം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ സഹപ്രവർത്തകരായ ഉദ്യോഗസ്ഥർ എന്നിവർ ഷൈനിന്റെ വീട്ടിലെത്തിയിരുന്നു.