ദുരിതാശ്വാസ നിധിയിലെ തട്ടിപ്പ്: സമഗ്ര പരിശോധനയ്ക്ക് നിർദേശം, പുറത്തുവന്നത് വൻ തട്ടിപ്പിന്റെ ഒരംശം മാത്രം
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരിൽ വൻതട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താൻ നിർദ്ദേശം. സഹായം ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷകളും രേഖകളും സമഗ്രമായ പരിശോധന നടത്താനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇന്നലെ വിജിലൻസ് നടത്തിയ മിന്നൽ റെയ്ഡിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇതേത്തുടർന്നാണ് വ്യാപക പരിശോധന നടത്താൻ നിർദ്ദേശിച്ചത്.വരും ദിവസങ്ങളിലും തുടരുന്ന റെയ്ഡ് പൂർത്തിയായ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ.
ഇന്നലത്തെ പരിശോധനയിൽ മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു എന്ന് കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി ഡോക്ടർമാരും തട്ടിപ്പിൽ ഒത്താശചെയ്യുന്നുണ്ട്. ഇതിനായി പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരിൽ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളിൽ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്. വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതിൽ നേരത്തേ പറഞ്ഞുറപ്പിച്ച തുക ഏജന്റുമാരും ഉദ്യോഗസ്ഥരുമെടുക്കും.
എല്ലാ ജില്ലകളിലും വമ്പൻ ക്രമക്കേടുകളാണെന്നും പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും വിജിലൻസ് മേധാവി മനോജ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു.
ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകുന്ന സർട്ടിഫിക്കറ്റുകൾ മിക്കതും വ്യാജമാണ്. സൂക്ഷ്മപരിശോധനയില്ല.കുടുംബവാർഷിക വരുമാനം ഒരുലക്ഷം കവിയരുതെന്നാണ് വ്യവസ്ഥ. എന്നാൽ എറണാകുളത്ത് സമ്പന്നനായ വിദേശമലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷവും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നൽകി. കാസർകോട്ട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ രണ്ടു ഡോക്ടർമാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാർ, റേഷൻകാർഡ് പകർപ്പ് നൽകാത്തവർക്കും അപേക്ഷയിൽ ഒപ്പില്ലാത്തവർക്കും പണംകിട്ടി.