അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം: ആദ്യദിനം 450 കോടി ദിർഹത്തിന്റെ പ്രതിരോധകരാർ
അബുദാബി : അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിന്റെയും പ്രദർശനത്തി (ഐഡെക്സ്) ന്റെയും ആദ്യദിനമായ തിങ്കളാഴ്ച 450 കോടി ദിർഹത്തിന്റെ 11 സൈനിക കരാറുകളിൽ യു.എ.ഇ. ഒപ്പിട്ടു. 230 കോടി ദിർഹത്തിന്റെ ആറ് പ്രാദേശിക കരാറുകളും 220 കോടി ദിർഹത്തിന്റെ അഞ്ച് അന്താരാഷ്ട്ര ഇടപാടുകളുമാണ് ആദ്യദിനം പൂർത്തിയാക്കിയതെന്ന് പ്രതിരോധ മന്ത്രാലയവുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്ന സ്വതന്ത്ര സർക്കാർ സ്ഥാപനമായ തവാസുൽ കൗൺസിൽ വക്താവ് സായിദ് അൽ മെറൈഖി അറിയിച്ചു.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിൽ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് (അഡ്നെക്) പ്രദർശനവും സമ്മേളനവും. പ്രതിരോധ മന്ത്രാലയത്തിന്റെ സഹകരണത്തോടെ അഞ്ചുദിവസമാണ് പരിപാടി. ഇതുവരെ നടന്നതിൽ ഏറ്റവും വിപുലമായ പ്രദർശനമാണ് ഇത്തവണത്തേതെന്ന് അഡ്നെക് അനുബന്ധ സ്ഥാപനമായ ക്യാപിറ്റൽ ഇവന്റ്സ് സി.ഇ.ഓ സയീദ് അൽ മൻസൂരി അവകാശപ്പെട്ടു.
65 രാജ്യങ്ങളിൽ നിന്നായി ചെറുതും വലുതുമായ 1350 ലേറെ ആയുധ അനുബന്ധ സാമഗ്രികളുടെ നിർമാതാക്കൾ തങ്ങളുടെ നൂതന ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. 2021 ലെ മുൻപതിപ്പിനെ അപേക്ഷിച്ച് പ്രദർശകരുടെ എണ്ണം 50 ശതമാനം വർധിച്ചു. വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ തുടങ്ങി വ്യത്യസ്ത മേഖലകളിൽനിന്നുള്ള 1800 ഉന്നതരാണ് പങ്കെടുക്കുന്നത്.
41 പവിലിയനുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രദർശനവും സമ്മേളനവും നടക്കുന്ന വേദി 20 ശതമാനം വർധിപ്പിച്ച് 165,000 ചതുരശ്രമീറ്ററായി. ഇതിൽ 23,000 ചതുരശ്രമീറ്ററാണ് യു.എ.ഇ.പവിലിയന്റെ മാത്രം വലിപ്പം. തുർക്കി, യു.എസ്. പവിലിയനുകൾ വലുപ്പത്തിൽ തൊട്ടുപിന്നിലുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഒന്നരലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
അത്യാധുനിക യുദ്ധസാമഗ്രികൾ, യുദ്ധക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങി സർവവും അഡ്നെക്കിൽ പ്രദർശിപ്പിക്കുന്നുണ്ട്. നാവിക പ്രദർശനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ള യുദ്ധക്കപ്പലുകൾ പങ്കെടുക്കുന്നുണ്ട്.
തണ്ടർ പി. ത്രി. സംവിധാനം വാങ്ങുന്നതിനായി എഡ്ജ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ഹാൽക്കണുമായി 2.14 ബില്യൻ ദിർഹം കരാർ, മാപ് ലിൻ മറൈൻ സംവിധാനവുമായി 78 മില്യൻ ദിർഹം കരാർ, മുഹമ്മദ് അബ്ദുൾറഹ്മാൻ അൽ ബഹാറുമായി 45 മില്യൻ ദിർഹം കരാർ, എസ്.ആർ. ഹോക്ക് റഡാറുകളും പോർട്ടബിൾ റഡാറുകളും വാങ്ങാൻ അറ്റ്ലസ് ടെലികോമുമായി 26 ദശലക്ഷം ദിർഹം കരാർ, മൈൻ ക്ലിയറൻസ് വാങ്ങാൻ റോംകോ ഇന്റർനാഷണലുമായി നാല് മില്യൻ ദിർഹം കരാർ എന്നിവയാണ് യു.എ.ഇ. ഒപ്പിട്ട ആറ് പ്രാദേശിക കരാറുകൾ. മൾട്ടി മിഷൻ വെസലുകൾ വാങ്ങുന്നതിനായി ഇൻഡൊനീഷ്യയുമായി 1.5 ബില്യൻ ദിർഹം കരാർ, ജി.എം. 403 റഡാറുകൾ വാങ്ങാൻ ഫ്രഞ്ച് കമ്പനിയായ തെയിൽസ് ലാസുമായി 421 മില്യൻ ദിർഹം കരാർ, യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനായി യു.എസിലെ അലയന്റ് ടെക്സിസ്റ്റംസുമായി 202 മില്യൻ ദിർഹം കരാർ, മിസൈലുകളുടെ സാങ്കേതിക പിന്തുണാ സേവനങ്ങൾ നൽകുന്നതിന് ഫ്രാൻസ് ആസ്ഥാനമായുള്ള എം.ബി.ഡി.എ.യുമായി 92 മില്യൻ ദിർഹം കരാർ, കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ സാങ്കേതിക പിന്തുണക്ക് ജർമനിയിൽ നിന്നുള്ള റോഹ്ഡെയും ഷ്വാർസും തമ്മിൽ മൂന്ന് മില്യൻ ദിർഹത്തിന്റെ കരാർ എന്നിവയാണ് യു.എ.ഇ. ഒപ്പിട്ട പ്രധാന അന്താരാഷ്ട്ര ഇടപാടുകൾ.