അന്തമാനില്‍നിന്ന് മഞ്ചേരിയിലേക്ക് കൂറിയര്‍, ജാമിനൊപ്പം അരക്കിലോ എം.ഡി.എം.എ
മഞ്ചേരി: അന്തമാനില്‍നിന്ന് കൂറിയര്‍വഴി അയച്ച മാരകമയക്കുമരുന്നായ അരക്കിലോ മെത്താംഫിറ്റമിന്‍ എക്സൈസ് സംഘം പിടികൂടി.
മഞ്ചേരി മേലാക്കത്തെ സ്വകാര്യ കൂറിയര്‍ സ്ഥാപനത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് എം.ഡി.എം.എ. പാഴ്സലായി എത്തിയത്. ഇതുവാങ്ങി മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശികളായ മൂന്നുപേരെ എക്സൈസ് സംഘം കാത്തിരുന്ന് പിടികൂടി. കോണോംപാറ പുതുശ്ശേരി വീട്ടില്‍ റിയാസ് (31), പട്ടര്‍കടവ് പഴങ്കരക്കുഴിയില്‍ നിഷാന്ത് (23), പട്ടര്‍ക്കടവ് മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന് (28) എന്നിവരാണ് പിടിയിലായത്.
ഇവര്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാര്‍ എക്സൈസ് കസ്റ്റഡിയിലെടുത്തു. നിഷാന്തിന്റെ പേരിലാണ് എം.ഡി.എം.എ. പാഴ്സല്‍ വന്നത്. പീനട്ട് ബട്ടര്‍, ഫ്രൂട്ട്ജാം എന്നിവ നിറച്ച പാക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു.
അന്തമാനിലുള്ള മലപ്പുറം സ്വദേശി മുഹമ്മദ് സാബിക്കാണ് കൂറിയര്‍ അയച്ചതെന്നാണ് പ്രതികള്‍ നല്കിയ മൊഴി. ഇയാളുടെ സുഹൃത്തായ പ്രതി റിയാസാണ് മയക്കുമരുന്നിനുള്ള പണം അയച്ചുകൊടുത്തത്. നേരത്തേയും റിയാസിന് ഇത്തരത്തില്‍ അന്തമാനില്‍നിന്ന് കൂറിയര്‍ എത്തിയിരുന്നു. ഇതുസ്വീകരിച്ച് എം.ഡി.എം.എ. വില്പനനടത്തിയ ആള് പിടിയിലായിരുന്നു. ഇതോടെ സാബിക്ക് നിഷാന്തിന്റെ പേരില്‍ കൂറിയര്‍ അയയ്ക്കുകയായിരുന്നു.
കേസിലെ ഒന്നാംപ്രതിയായ റിയാസ് കൈമാറുന്ന മയക്കുമരുന്ന് ചെറുപായ്ക്കറ്റുകളിലാക്കി വില്പനയ്ക്ക് സഹായിക്കുന്നവരാണ് മറ്റുപ്രതികളെന്ന് എക്സൈസ് പറഞ്ഞു. ഗ്രാമിന് മൂവായിരം മുതല്‍ അയ്യായിരം രൂപയ്ക്കാണ് സംഘം വില്പന നടത്തിയിരുന്നത്.